തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേറ്റ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ]
പ്രജ്ഞാൽ പട്ടീലിന് മധുരം നൽകുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ.അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ സമീപം
തിരുവനന്തപുരം: മനസ്സിൽ നിന്നൊരു പ്രകാശരേഖ കാഴ്‌ചയിലേക്ക് നീട്ടിവരച്ചാണ് പ്രജ്ഞാൽ പാട്ടീൽ അന്ധതയുടെ അതിരുകൾ ഒരോന്നായി പിന്നിട്ടത്. വിധിയോടു മാത്രമല്ല, കാഴ്ചയുടെ പരിമിതി ചൂണ്ടി, വിജയങ്ങളിൽ നിന്ന് വിലക്കി നിറുത്താൻ ശ്രമിച്ചവരോടും മധുരപ്രതികാരത്തിന്റെ പുഞ്ചിരിയുമായി പ്രജ്ഞാൽ ഇന്നലെ എത്തിയത് തലസ്ഥാനജില്ലയുടെ സബ് കളക്ടർ പദവിയിൽ.
മഹാരാഷ്ട്രക്കാരിയായ പ്രജ്ഞാലിന്റെ കാഴ്ചയിൽ ഇരുട്ടു പരന്നത് ആറാം വയസിൽ സഹപാഠിയുടെ കൈയിലെ പെൻസിൽ കണ്ണിൽ തറച്ച്. മറ്റേ കണ്ണിന്റെ കാഴ്ചയും കുറഞ്ഞതോടെ പഠനം അന്ധവിദ്യാലയത്തിലേക്കു മാറ്റി. കാഴ്ച പരിമിതരുടെ വിഭാഗത്തിലാണ് അന്നു മുതൽ പ്രജ്ഞാൽ. ഉന്നതപഠനത്തിനും ജോലിക്കും അത് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞത് ബിരുദ പഠനത്തിന് അപേക്ഷ അയച്ചപ്പോഴാണ്.
പ്രവേശനം നൽകാനാകില്ലെന്നു ശഠിച്ചവർക്കെതിരെ പോരാട്ടത്തിനിറങ്ങിയ പ്രജ്ഞാൽ ആ 'പരീക്ഷ' ജയിച്ചത്
മുംബയ് സെന്റ് സേവ്യേഴ്സ് കോളേജിൽ രാഷ്ട്രമീമാംസയിൽ ബിരുദപഠനത്തിന് അവസരം നേടിയായിരുന്നു. ആതായിരുന്നു ആദ്യജയം. പിന്നീട് ഡൽഹി ജെ.എൻ.യുവിയിൽ നിന്ന് എം.എ. സിവിൽ സർവീസിനുള്ള ആദ്യ പരിശ്രമത്തിൽ 773-ാം റാങ്ക്. റെയിൽവേ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജോലി നൽകാൻ റെയിൽവേ തയ്യാറായില്ല.
പ്രജ്ഞാലിന്റെ പോരാട്ടം തുടരുകയായിരുന്നു. 2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ 124-ാം റാങ്കോടെ ഐ.എ.എസ്. ഒരു കയ്യിൽ അന്ധരുടെ വഴികാട്ടിയായ വൈറ്റ് കെയിനും മറുകയ്യിൽ ചെറിയ ലാപ്ടോപ്പുമാണ് പ്രജ്ഞാലിന്റെ ആയുധങ്ങൾ. കഴിഞ്ഞ വർഷം മെയ് 28 ന് എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി എത്തിയപ്പോൾ ആത്മവിശ്വാസം നൽകിയത് ഇവ രണ്ടുമായിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് സബ് കളക്ടറായി എത്തിയ പ്രജ്ഞാലിനെ സ്വീകരിക്കാൻ കുടപ്പനക്കുന്ന് സിവിൽ സ്റ്രേഷനിൽ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, ആർ.ഡി.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ടി.എസ്. അനിൽകുമാർ എന്നിവർ കാത്തുനിൽപ്പുണ്ടായിരുന്നു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും മറ്റ് ഉദ്യോഗസ്ഥരും പ്രജ്ഞാലിനെ അനുമോദിക്കാനെത്തി. പ്രജ്ഞാലിന്റെ സഹായത്തിന് അസി.കളക്ടർ അനുകുമാരിയും അസിസ്റ്റന്റുമാരുമുണ്ട്. ഫയലുകൾ പഠിക്കാനും മറ്റും ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ ആണ് പ്രജ്ഞാലിന്റെ സ്വദേശം. വ്യവസായിയായ കോമൾ സിംഗ് പാട്ടീലാണ് ഭർത്താവ്. അച്ഛൻ എൽ.ബി പാട്ടീലും അമ്മ ജ്യോതിയും. സഹോദരൻ നിഖിൽ.