sourav-ganguly-bcci-presi

മുംബയ് : 33 മാസക്കാലം നീണ്ട സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഭരണത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വീണ്ടും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൈയിലേക്ക് എത്തുമ്പോൾ അതിന്റെ അമരത്ത് നിൽക്കുന്നത് ഏറെ നാൾ തലയെടുപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ച ബംഗാൾ കടുവ സൗരവ് ഗാംഗുലിയാണ്. ദാദ (ചേട്ടൻ) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൗരവ് ഏകകണ്ഠമായാണ് ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെയും മുൻ ബി.സി.സി.ഐ താപ്പാനകളുടെയും മാരത്തോൺ ചർച്ചകൾക്കാണ് മുംബയ് സാക്ഷ്യം വഹിച്ചത്.

ശനിയാഴ്ച മുതൽ ആരംഭിച്ച ചർച്ചകളിൽ മുൻ ഇന്ത്യൻ താരം ബ്രിജേഷ് പട്ടേലിനായിരുന്നു സാദ്ധ്യത കല്പിച്ചിരുന്നത്. ഞായറാഴ്ച രാത്രിയോടെ ഏറെക്കുറെ പട്ടേലിന്റെ പേര് പ്രസിഡന്റായി ഉറപ്പിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നുണ്ടായ വഴിത്തിരിവിൽ സൗരവ് ഗാംഗുലി പ്രസിഡന്റ് സ്ഥാനാർത്ഥിയായി. മറ്റാരും മത്സരിക്കാതെ ഒറ്റപ്പാനലിനുള്ള ശ്രമം വിജയിക്കുകകൂടി ചെയ്തതോടെയാണ് കാര്യങ്ങൾക്ക് അന്തിമതീരുമാനമായത്. ബ്രിജേഷ് പട്ടേലിന് ഐ.പി.എൽ ചെയർമാൻസ്ഥാനം നൽകിയാണ് ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കിയത്.

ഐ.പി.എൽ അഴിമതിയെത്തുടർന്ന് സുപ്രീംകോടതി നിശ്ചയിച്ച ലോധ കമ്മിഷന്റെ റിപ്പോർട്ടും വിനോദ് റായ് അദ്ധ്യക്ഷനായ പ്രത്യേക ഭരണസമിതിയുമാണ് കഴിഞ്ഞ 33 മാസമായി ബി.സി.സി.ഐ ഭരണം നടത്തിയിരുന്നത്. എല്ലാ സംസ്ഥാന അസോസിയേഷനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയശേഷമാണ് ബി.സി.സി.ഐയിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചത്. ഇൗമാസം 23ന് വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിമുതൽ മൂന്നുവരെയായിരുന്നു നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയം.

മുൻ പ്രസിഡന്റും സുപ്രീംകോടതി പരാമർശത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടിവന്നയാളുമായ എൻ. ശ്രീനിവാസൻ, മുൻ പ്രസിഡന്റും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് താക്കൂർ, മുൻ ഐ.പി.എൽ ചെയർമാൻ രാജീവ് ശുക്‌‌ള തുടങ്ങിയവരാണ് ചർച്ചകൾക്ക് നേതൃത്വം നൽയകിയത്. ശ്രീനിവാസന്റെ മകളും ഐ.പി.എൽ കേസിൽ വിലക്കപ്പെട്ട ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയുമായ രൂപ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അമിത്ഷായുടെ മകൻ ജയ്‌ഷായ്ക്കും സ്വന്തം അനുജൻ ധുമാലിനും വേണ്ടിയാണ് അനുരാഗ് താക്കൂർ കരുക്കൾ നീക്കിയത്. തിരഞ്ഞെടുപ്പ് ഇല്ലാതെ ഭരണസമിതി രൂപീകരിക്കുക എന്ന ലക്ഷ്യത്തിനായി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാവരും തയ്യാറായതോടെയാണ് എതിരില്ലാത്ത പാനൽ തയ്യാറായത്.

നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് സൗരവ് ഗാംഗുലി. 2008 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം ഐ.പി.എല്ലിൽ വിവിധ ടീമുകളുടെ കുപ്പായമണിഞ്ഞു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്ററായിരുന്നു. കമന്റേറ്ററായും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായുമൊക്കെ രംഗത്ത് സജീവമാണ്. ഏറെക്കാലത്തിന് ശേഷമാണ് ബി.സി.സി.ഐ തലപ്പത്തേക്ക് ഒരു ഇന്ത്യൻ ക്രിക്കറ്റർ എത്തുന്നത്.

2000 ത്തിൽ ഞാൻ ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻസി ഏറ്റെടുക്കുമ്പോൾ ടീം വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിലായിരുന്നു. ഇപ്പോൾ ബി.സി.സി.ഐ പ്രസിഡന്റാകുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് വല്ലാത്തൊരു സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മുന്നിൽ നിന്ന് നേരിടാൻ ക്ഷണിക്കുന്നത് വലിയ അംഗീകാരമായാണ് കാണുന്നത്.

ക്രിക്കറ്റിന് മുൻതൂക്കം നൽകി, രാഷ്ട്രീയം മാറ്റിനിറുത്തി ഒരേ മനസോടെ മുന്നോട്ടുപോകാൻ പുതിയ ഭരണസമിതി ശ്രമിക്കും. ഭിന്നതാത്പര്യവിഷയം മുതലുള്ള എല്ലാ പ്രശ്നങ്ങളിലും പരിഹാരമുണ്ടാക്കും.

സൗരവ് ഗാംഗുലി

എസ്.കെയ്ക്കും ടി.സിക്കും

ശേഷം ജയേഷ് ജോർജ്

തിരുവനന്തപുരം : മുൻ സെക്രട്ടറിയും ട്രഷററുമായിരുന്ന എസ്.കെ. നായർക്കും വൈസ് പ്രസിഡന്റായിരുന്ന ടി.സി. മാത്യുവിനും ശേഷം ബി.സി.സി.ഐ ഭാരവാഹിത്വത്തിലേക്ക് എത്തുന്ന മലയാളിയാണ് ജയേഷ് ജോർജ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ജയേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

2005ൽ എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായാണ് ജയേഷ് ക്രിക്കറ്റ് ഭരണ നേതൃത്വത്തിലേക്ക് എത്തിയത്. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ പദവികള്‍ വഹിച്ചു. 2017ൽ സെക്രട്ടറിയായി .
കേരളത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ സംഘാടകനായിരുന്ന ജയേഷ് 2014ൽ ആസ്‌ട്രേലിയൻ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിന്റെ മാനേജരായിരുന്നു.2013ച ന്യൂസിലാൻഡ് എ ടീമിന്റെ പര്യടന വേളയിലും ഇന്ത്യൻ എ ടീമിന്റെ മാനേജരായിരുന്നു.ബിസിസിഐ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം സ്വാന്റൺസ് ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർബാറ്റ്‌സ്മാനായാണ് ജയേഷ് ജോർജിന്റെ തുടക്കം. മിന്ന ജയേഷാണ് ഭാര്യ. ജോർജ് എം ജയേഷ്, മാത്യു എം ജയേഷ് എന്നിവർ മക്കളാണ്.

കേരളത്തിലേക്ക് ടെസ്റ്റ് മത്സരങ്ങൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടും. സഞ്ജു സാംസൺ അടക്കമുള്ള മലയാളി താരങ്ങൾക്ക് ദേശീയ ടീമിൽ സ്ഥാനം ലഭിക്കാനായി വാദിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ച അംഗീകാരമാണ് ഇൗ സ്ഥാനം.

ജയേഷ് ജോർജ്