ചോദ്യം : ഈ സമ്മാനം ലഭിച്ചത് ഏത് നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്?
ബാനർജി : ദാരിദ്ര്യം മാറ്റാനുള്ള നിരവധി പരീക്ഷണ മാതൃകകൾ ഞങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ചിലത് വിജയിച്ചിട്ടില്ല. അങ്ങനെ പരാജയപ്പെടുമ്പോൾ ആ മാതൃക മാറ്റി വിജയം കൈവരിക്കുന്നതു വരെ പല മാതൃകകളും പരീക്ഷിക്കും. ഒടുവിൽ നമ്മൾ ഒരു പരിഹാരത്തിലെത്തും. അതാണ് പിന്തുടർന്നുവന്ന രീതി. മറ്റു പലരും അവഗണിക്കുന്ന ഒരു മേഖലയാണ് പട്ടിണി. ആ മേഖലയിൽ ഉറച്ചുനിന്ന് നടത്തിയ കർമ്മം കണക്കിലെടുത്താവും നോബൽ സമ്മാനം നൽകിയത്.
ഇന്ത്യൻ സർക്കാരിന് നൽകാനുള്ള സന്ദേശം എന്താണ്?
ബാനർജി : പ്രവർത്തിക്കുമ്പോൾ വിജയം വരിക്കുന്ന നയങ്ങളേ പിൻതുടരാവൂ. നല്ല പദ്ധതിയായിരിക്കും എന്ന ഊഹത്തിൽ നടപ്പാക്കുന്നത് പരാജയമായാൽ പിൻവലിക്കണം. കേൾക്കുമ്പോൾ ഇമ്പം തോന്നുന്ന രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഒരു ലക്ഷ്യം ഇന്ത്യയിലെ അധികാരികൾക്കുള്ളതായി തോന്നുന്നു. നയങ്ങൾ വേണ്ട രീതിയിൽ അവലോകനം ചെയ്യണം. പദ്ധതി കൊള്ളില്ലെങ്കിൽ നിറുത്തണം. ഇന്ത്യയിൽ പദ്ധതികൾ നടപ്പാക്കിയതിനുശേഷമുള്ള മൂല്യനിർണയം വേണ്ട രീതിയിൽ നടക്കാറില്ല.
ഇന്ത്യയിൽ വിജയിച്ച ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ചൂണ്ടിക്കാണിക്കാമോ?
ബാനർജി : മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിജയകരമാണ്. ചെറിയ വേതനത്തിന് ഒന്നിലധികം സ്ഥലത്ത് പാവപ്പെട്ടവർക്ക് ജോലി ചെയ്യേണ്ടിവന്നിരുന്ന സാഹചര്യം ഈ പദ്ധതി ഒഴിവാക്കി. അത് നല്ല നേട്ടമാണ്. ഗ്രാമീണ റോഡ് നിർമ്മാണത്തിനുള്ള പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി വളരെയധികം ഈ മേഖലയിൽ വിജയകരമാണ്.
(നോബൽ സമ്മാനം ലഭിച്ച പ്രഖ്യാപനം അറിഞ്ഞശേഷം അഭിജിത് ബാനർജി അമേരിക്കയിൽ സി.എൻ.ബി.സി -ടി.വി 18ന് നൽകിയ അഭിമുഖത്തിൽ നിന്ന് )