കല്ലറ: മകന്റ കല്ലറയിൽ പതിയുന്ന മഴുവിന്റെ ഒരോ ശബ്ദവും കരഞ്ഞ് തളർന്ന ആദർശിന്റെ അമ്മ ഷീജയുടെ ഹൃദയം തകർത്തുകളഞ്ഞു . അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുജനങ്ങൾ കണ്ണീർവാർത്തു. പതിനാല് വയസ് വരെ കൃഷ്ണമണിപോലെ വളർത്തിയ മകനാണ് പെട്ടെന്നില്ലാതായത്. അവൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇരുപത്തിനാല് വയസ് ആയേനെ. ചായയ്ക്ക് പാല് വാങ്ങാൻ പറഞ്ഞ് വിട്ട് കാത്തിരുന്നു.. പിന്നെ ആ അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരമാണ്. അതിന്റെ ഷോക്കിൽ നിന്ന് കരകയറാൻ വർഷങ്ങൾ വേണ്ടിവന്നു. അതിനിടയിലാണ് മകൻ ഉറങ്ങുന്ന കല്ലറ വീണ്ടും പൊളിക്കുന്നത്. മകനെ കൊന്നവരെ എങ്ങനേയും പിടി കൂടണം അവർക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. ആ ഒറ്റക്കാരണത്താലാണ് മകന്റെ കല്ലറ തുറക്കാൻ പാതി മനസോടെയങ്കിലും ആ അമ്മ സമ്മതിച്ചത്.
മകന്റെ കല്ലറ തുറക്കാൻ തീയതി നിശ്ചയിച്ച നാൾ മുതൽ പുറത്തിറങ്ങിയിട്ടില്ല.ആഹാരം പോലും കഴിക്കാതെ വീട്ടിനുള്ളിൽ നെഞ്ചുരുകി കഴിയുകയായിരുന്ന അമ്മയെ മകൾ ആദിത്യയും ഭർത്താവ് വിജയനും ഏറെ നിർബന്ധിച്ചാണ് ഒരു നേരമെങ്കിലും ആഹാരം കഴിപ്പിച്ചത്.
ആദർശിന്റെ പിതാവ് വിജയന്റെ കാര്യവും വ്യത്യസ്ഥമായിരുന്നില്ല. മകൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം തുറക്കാൻ അനുവാദം നൽകുമ്പോഴും ഊർന്നിറങ്ങുന്ന കണ്ണുനീർ മറയ്ക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
ജീവിതത്തിൽ തുണയാകുമെന്ന് കരുതി വളർത്തിയ മകനാണ് പെട്ടെന്നാെരുദിവസം ഇല്ലാതായത്.
ഒരു നാടിനെ തന്നെ തീരാ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ആദർശിന്റെ മരണം. മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ചെയ്തിരുന്നു.