ലോകകപ്പ് ഫുട്ബാൾ യോഗ്യതാറൗണ്ടിൽ
ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെ നേരിടുന്നു
കൊൽക്കത്ത : ഏഷ്യൻ മേഖലാ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങളിലെ ആദ്യവിജയം തേടി ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് കൊൽക്കത്തയിൽ ബംഗ്ളാദേശിനെ നേരിടാൻ ഇറങ്ങുന്നു. രാത്രി ഏഴരമുതൽ യുവഭാരതി ക്രീഡാംഗണിലാണ് മത്സരം.
ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തിൽ ഒമാനോട് ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം 1-2 ന് തോറ്റ ഇന്ത്യൻ ടീം കഴിഞ്ഞമാസം അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെ അവിടെചെന്ന് ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.
ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഗ്രൂപ്പ് റൗണ്ടിലെ ആദ്യവിജയം നേടാൻ ഇന്ന് കഴിയുമെന്നാണ് ആരാധക പ്രതീക്ഷ.
ഖത്തറിനെതിരായ മത്സരത്തിൽ പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്ന നായകൻ സുനിൽ ഛെത്രിയുടെ തിരിച്ചുവരവാണ് ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ പ്ളസ് പോയിന്റ്. പ്രതിരോധ ഭടൻ രാഹുൽ ഭെക്കെയും പരിക്കിൽ നിന്ന് മോചിതനായിട്ടുണ്ട്. എന്നാൽ പ്രതിരോധ നിരയിലെ കരുത്തനായ സന്ദേശ് ജിംഗാന് പരിക്കേറ്റത് തിരിച്ചടിയാണ്. തുടർച്ചയായ രണ്ട് മഞ്ഞക്കാർഡുകൾ കണ്ട റൗളിൻ ബോർഗസിനും ഇന്ന് കളിക്കാനാവില്ല.
പ്രതിരോധത്തിൽ മലയാളിതാരം അനസ് എടത്തൊടികയും യുവതാരം ആദിൽ ഖാനുമാകും ഇന്ന് ഇറങ്ങുക.
മന്ദാർ റാവു ദേശായ്‌യാകും ലെഫ്‌റ്റ് ബാക്ക് പൊസിഷനിൽ.
മദ്ധ്യനിരയിൽ മലയാളിതാരങ്ങളായ ആഷിഖ് കരുണിയനും സഹൽ അബ്ദുൽ സമദിനും അവസരം ലഭിച്ചേക്കും. വിംഗറായി ഉദാന്തസിംഗും ഏക സ്ട്രൈക്കറായി സുനിൽ ഛെത്രയും കളിക്കാനാണ് സാദ്ധ്യത.
കഴിഞ്ഞദിവസം നടന്ന യോഗ്യതാറൗണ്ട് മത്സരത്തിൽ ഖത്തറിനോട് എതിരില്ലാത്ത രണ്ടുഗോളുകളുടെ തോൽവി വഴങ്ങിയശേഷം എത്തുന്ന ബംഗ്ളാദേശിനെ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളവരായി കരുതുന്നില്ല. എന്നാൽ അട്ടിമറിക്കുള്ള സാദ്ധ്യത തള്ളിക്കളയാനുമാകില്ല. യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തിൽ 1-0ത്തിന് അഫ്ഗാനിസ്ഥാനോടും ബംഗ്ളാദേശ് തോറ്റിരുന്നു. രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിടയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഭൂട്ടാനെ 2-0 ത്തിന് തോൽപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
ഇംഗ്ളീഷുകാരനായ ജാമീഡേ പരിശീലിപ്പിക്കുന്ന ബംഗ്ളാദേശിന്റെ കരുത്ത് ക്യാപ്ടനും സെൻട്രൽ മിഡ്ഫീൽഡറുമായ ജമാൽ ദുയാനാണ്. സെന്റർ ബാക്കുകളായ യീസിൻ ഖാനും റിയാദുൽ ഹസനും മികച്ച താരങ്ങളാണ്. ഏക സ്ട്രൈക്കറായി നബീബ് സിബാനാകും കളിക്കാനിറങ്ങുക.
2008 ന് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒരു വിജയം പോലും നേടിയിട്ടില്ലാത്തവരാണ് ബംഗ്ളാദേശ്.
7.30 pm
മത്സരം സ്റ്റാർ സ്പോർട്സ് 3ൽ തത‌്‌സമയം ജിയോ ടിവിയിലും ഹോട്ട് സ്റ്റാറിലും ലൈവ് സ്ട്രീമിംഗ്.
ഇന്ത്യ സാദ്ധ്യത ഇലവൻ : ഗുർപ്രീത് സിംഗ് സന്ധു (ഗോളി) അനസ് എടത്തൊടിക, ആദിൽ ഖാൻ, മന്ദാർ റാവു, പ്രീതം, വിനീത് റായ്, അനിരുദ്ധ് താപ്പ, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, ഉദാന്തസിംഗ്, സുനിൽ ഛെത്രി.
ബംഗ്ളാദേശ് : അഷ്‌റഫുൾ (ഗോളി), റെയ്‌ഹാൻ, റിയാദുൽ, യീസിൻ, റഹ്‌മത്ത്, ജമാൽ, ഇബ്രാഹിം, സൊഹെൽറാണ, ബിപ്ളോ, സാദ്, സിബാൻ.
ഇൗ മത്സരത്തിൽ പരാജയപ്പെട്ടാലും ഞങ്ങൾക്ക് അതൊരു വലിയ തിരിച്ചടിയല്ല. എന്നാൽ ഇന്ത്യയെ തോൽപ്പിക്കാനായാൽ അത് ബംഗ്ളാദേശ് ഫുട്ബാളിന് നൽകുന്ന ഉൗർജ്ജം വളരെ വലുതായിരിക്കും.
ജമാൽ ദുയാൻ
ബംഗ്ളാദേശ് ക്യാപ്ടൻ
ഇന്ത്യൻ ഫുട്ബാളിന്റെ മെക്കയായ കൊൽക്കത്തയിൽ കളിക്കാൻ എത്തുന്നതിൽ വലിയ സന്തോഷമുണ്ട്. ബംഗ്ളാദേശിനെതിരെ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ദുർബലരെന്ന് കരുതി അവരെ എഴുതിത്തള്ളാനില്ല.
ഇഗോർ സ്റ്റിമാച്ച്
ഇന്ത്യൻ കോച്ച്
സുനിൽ ഛെത്രി മികച്ച പ്രകടനം നടത്തിയാലേ ഇന്ത്യൻ ടീമിന് ജയിക്കാനാകൂ എന്ന അവസ്ഥ ഇപ്പോഴില്ല. ടീമിലെ 23 കളിക്കാരിൽ ഒരാൾ മാത്രമാണ് ഞാൻ. ഞാൻ അല്പം കൂടുതൽ പരിചയസമ്പത്തുള്ളയാളും ഭാഗ്യവാനുമായതിനാൽ കൂടുതൽ ഗോളുകൾ അടിക്കാൻ കഴിഞ്ഞു എന്നുമാത്രം.
സുനിൽഛെത്രി
ഇന്ത്യൻ ക്യാപ്ടൻ
104
ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം
207
ഫിഫ റാങ്കിംഗിൽ ബംഗ്ളാദേശിന്റെ സ്ഥാനം.