peyad-pallimuke

മലയിൻകീഴ്: ഇന്നലെ വൈകിട്ടോടെയുണ്ടായ ഇടിമിന്നലിൽ പേയാട് പള്ളിമുക്ക് പിറയിൽ ശാന്തിനഗർ കൃഷ്ണകൃപ വീടിന്റെ അടുക്കള കത്തി നശിച്ചു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന നിഷയും മകൾ ഹസ്നഫാത്തിമയും വീട്ടിനകത്തുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഫ്രിഡ്ജ്, ഗ്രെയിന്റർ എന്നിവയിൽ തീ പടർന്ന് വീടാകെ പുക കൊണ്ട് നിറഞ്ഞയുടൻ നിഷയും മകളും പുറത്തേക്കോടി. തീയും പുകയും അടുക്കള ഭാഗത്തു നിന്ന് ബെഡ്റൂമിലേക്കും വ്യാപിച്ചതിനെ തുടർന്ന് സാധനങ്ങളെല്ലാം കത്തി നശിച്ചു. ചെങ്കൽചൂളയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ ശ്രമിച്ചാണ് തീ കെടുത്തിയത്. നിഷയുടെ ഭർത്താവ് വിദേശത്താണ്. നാശനഷ്ടക്കണക്കുകൾ ശേഖരിച്ച് വരുന്നതേയുള്ളു.