മത്സരഫലങ്ങൾ
പോളണ്ട് 2-നോർത്ത് മാസിഡോണിയ 0
റഷ്യ 5- സൈപ്രസ് 0
ഹോളണ്ട് 2 -ബെലറൂസ് 1
ജർമ്മനി 3-എസ്റ്റോണിയ 0
വേൽസ് 1-ക്രൊയേഷ്യ 1
ആസ്ട്രിയ 1-സ്ളൊവേനിയ 0
വാഴ്സ : യോഗ്യതാറൗണ്ടിൽ മിന്നും വിജയങ്ങളുമായി പോളണ്ടും റഷ്യയും 2020 യൂറോകപ്പ് ഫുട്ബാൾ ടൂർണമെന്റിനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.
കഴിഞ്ഞരാത്രി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർത്ത് മാസിഡോണിയയെ കീഴടക്കിയ പോളണ്ട് ഗ്രൂപ്പ് ജിയിൽ എട്ട് മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായാണ് സ്ഥാനമുറപ്പിച്ചത്. 74-ാം മിനിട്ടിൽ ഫ്രാങ്കോവ്‌സ്‌കിയും 80-ാം മിനിട്ടിൽ മിലിക്കും നേടിയ ഗോളുകൾക്കാണ് പോളണ്ട് മാസിഡോണിയയെ കീഴടക്കിയത്.
എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് സൈപ്രസിനെ കീഴടക്കിയാണ് റഷ്യ യോഗ്യരായത്. ഷെർഷേവ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഒസ്‌ദയോവും സ്യൂബയും ഗോളോവിനും ഒാരോ ഗോൾ വീതം സ്കോർ ചെയ്തു. ഗ്രൂപ്പ് ഐയിൽ ബെൽജിയത്തിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് റഷ്യയുടെ പ്രവേശനം. ബെൽജിയം എട്ട് മത്സരങ്ങളിൽനിന്ന് 24 പോയിന്റ് സ്വന്തമാക്കിയപ്പോൾ റഷ്യയ്ക്ക് 21 പോയിന്റായി. കഴിഞ്ഞ മത്സരത്തിൽ കസാഖിസ്ഥാനെ 2-0 ത്തിനാണ് ബെൽജിയം കീഴടക്കിയത്.
ബത്ഷുവായ്‌യും മ്യൂനിയറുമാണ് ബെൽജിയത്തിന് വേണ്ടി സ്കോർ ചെയ്തത്.
മറ്റൊരു മത്സരത്തിൽ ജർമ്മനി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എസ്റ്റോണിയയെ കീഴടക്കി യോഗ്യതാപ്രതീക്ഷ നിലനിറുത്തി. ഇക്കേയ് ഗുണ്ടോഗൻ രണ്ട് ഗോളുകൾ നേടിയപ്പോൾ വെർണർ ഒരു ഗോളടിച്ചു. ഗ്രൂപ്പ് സിയിൽ ആറ് മത്സരങ്ങളിൽനിന്ന് 15 പോയിന്റുള്ള ഹോളണ്ടാണ് ഒന്നാംസ്ഥാനത്ത്. ജർമ്മനി അത്രതന്നെ മത്സരങ്ങളിൽ നിന്ന് അത്രയും പോയിന്റുമായി ഗോൾ മാർജിനിൽ രണ്ടാംസ്ഥാനത്താണ്. ഹോളണ്ട് കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ 2-1ന് ബെലറൂസിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ വെയിൽസും ക്രൊയേഷ്യയും 1-1ന് സമനിലയിൽ പിരിഞ്ഞു.