ചിറയിൻകീഴ്: പെരുങ്ങുഴി കയർ സംഘം - റെയിൽവേ സ്റ്റേഷൻ റോ‌ഡിൽ പാതയോരത്ത് പടർന്നുപന്തലിച്ചു നിൽക്കുന്ന കുറ്റിച്ചെടികളും പൊന്തക്കാടും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു. ഒരാൾ പൊക്കത്തിൽ പടർന്ന് കിടക്കുന്ന കാട് കാരണം ഇതു വഴിയുള്ള വാഹന യാത്ര പോലും ദുരിതത്തിലായിരിക്കുകയാണ്.

വാഹന യാത്രികരുടെ ദേഹത്തും ചെടികൾ തട്ടാറുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ വശത്തേക്ക് നീങ്ങുന്നവർക്ക് മുൾച്ചെടികളിൽ തട്ടി പരിക്കേൽക്കുന്നുണ്ട്.

കാടു വെട്ടി നീക്കണമെന്ന് മരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതുപോലെ തന്നെ ഈ റോഡിന്റെ കൈവഴിയായി പോകുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ - റേഡിയോ ക്വിയോസ്ക് റോഡും സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ചെമ്മൺ പാത റോ‌ഡിൽ മഴപെയ്താൽ ചെളികാരണം കാൽനട യാത്രപോലും ദുസഹമാണ്. റോഡിന്റെ ശോചനീയവസ്ഥയെങ്ങാനം അറിയാതെ ബൈക്ക് യാത്രക്കാർ ഇതുവഴി വന്നാൽ വീണത് തന്നെ.

ഇവിടെ വീഴുന്ന ബൈക്ക് യാത്രക്കാരുടെയും കാൽ നടയാത്രക്കാരുടെയും എണ്ണവും വർദ്ധിക്കുകയാണ്. മാത്രവുമല്ല ചെറിയ വീതിയുള്ള ഈ റോഡ് തിരിച്ചറിയാൽ കഴിയാത്ത വിധം പാഴ്ച്ചെടികൾ വളർന്നിറങ്ങിക്കിടക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ തനത് ഫണ്ട് ഉപയോഗിച്ചോ തൊഴിലുറപ്പ് പദ്ധതി പ്രകാരമോ ഈ റോഡുകളിലെ കാട് വെട്ടിതെളിക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

road