house

മലയിൻകീഴ്: ഇന്നലെ വൈകിട്ടോടെ പെയ്ത കനത്ത മഴയിൽ മൺതിട്ട ഇടിഞ്ഞുവീണ് പണി പൂർത്തിയായ വീട് തകർന്നു. വിളപ്പിൽ പഞ്ചായത്തിലെ മിണ്ണംകോട് വാർഡിലുൾപ്പെട്ട ശോഭനയുടെ പനയറവിള വൃന്ദാവനം വീടാണ് തകർന്നത്. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ ഗൃഹപ്രവേശനതീയതി നിശ്ചയിക്കാനിരിക്കെയാണ് സംഭവം. ശോഭനയുടെ വീടിന് സമീപത്തെ ഉയർന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന രാഹുലിന്റെ വീടിനടുത്തുള്ള മൺതിട്ട ഇടിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. വീടിന്റെ ഒരു വശം പൂർണമായും തകർന്നു. വിവരമറിഞ്ഞ് വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, വാർഡ് അംഗം എ.അസീസ്, പഞ്ചായത്ത് അംഗം ബിജുദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഇന്ന് രാവിലെ റവന്യു അധികൃതരെത്തി നാശനഷ്ട കണക്കെടുക്കും.