govt-office

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശുചീകരണ തൊഴിലാളികളായി കുടുംബശ്രീയുമായി കരാർ ഒപ്പിടാൻ സർക്കാർ ഉത്തരവ്. കൂടാതെ സെക്യൂരിറ്റി ജോലിക്കായി കെക്സോണുമായി (കേരള എക്സ്‌‌സർവീസ് മെൻ ഡവലപ്പ്മെന്റ് ആൻഡ് റീഹാബിലിറ്രേഷൻ കോർപ്പറേഷൻ) കരാർ ഒപ്പിടണമെന്നും ധനവകുപ്പ് ഉത്തരവിറക്കി. ഇത്തരത്തിൽ സേവന കരാറിൽ ഏർപ്പെടുന്നതിനാൽ താത്കാലിക ജീവനക്കാരെ നിയമിക്കേണ്ടെന്ന് ഇക്കഴിഞ്ഞ അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് പറയുന്നു. ഫലത്തിൽ താത്കാലിക ശുചീകരണ ജീവനക്കാരുടെ എംപ്ളോയ്മെന്റ് എക്സ് ചേഞ്ച് വഴിയുള്ള നിയമനം ഇതോടെ നിലയ്ക്കും. മാത്രമല്ല, കുടുംബശ്രീയിൽ സ്ത്രീകൾ മാത്രമേ ഉള്ളൂവെന്നതിനാൽ ആ തസ്തികയിൽ പുരുഷന്മാരുടെ അവസരം നിഷേധിക്കപ്പെടാനും സാദ്ധ്യതയുണ്ട്. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാവും. വിരമിച്ച സൈനികരുടെ പുനരധിവാസത്തിനായി രൂപീകരിച്ചതാണ് കെക്സോൺ.

എല്ലാ സർക്കാർ വകുപ്പുകളിലേയും ശുചീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരെ അതാതു വകുപ്പുകളുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിയമിക്കുന്നതിലുള്ള കാലതമാസം ഒഴിവാക്കുന്നതിലേക്കായും ഓഫീസും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും സുരക്ഷ ഏർപ്പെടുത്തിനുള്ള ജീവനക്കാരെ നിയമിക്കുന്നതും സംബന്ധിച്ച് എല്ലാ വകുപ്പ് തലവന്മാരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. കുടുംബശ്രീയുമായും കെക്സോണുമായും ഏർപ്പെടുന്ന സേവന കരാറുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകൾ 'ഓഫീസ് ചെലവുകൾ' എന്ന ശീർഷകത്തിൽ നിന്നും ചെലവഴിക്കണമെന്നും ഉത്തരവ് നിർദേശിച്ചിട്ടുണ്ട്.

സർക്കാർ ഓഫീസിലെ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിൽ വ്യാപകമായ ആക്ഷേപം മുമ്പ് ഉണ്ടായിരുന്നു. തുടർന്ന് എംപ്ലോയ്മെന്റ് എക്സ്‌‌ചേഞ്ച് വഴി മാത്രമേ ശുചീകരണ ജീവനക്കാരെ നിയമിക്കാവൂ എന്ന് ഉത്തരവിറക്കിയിരുന്നു. സർക്കാർ ഓഫീസുകളിൽ നേരിട്ട് പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരെ നിയമിക്കരുതെന്നായിരുന്നു ഉത്തരവ്. എന്നാൽ പിന്നീട് ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

ഒരു സർക്കാർ ഓഫീസിന്റെ വിസ്തീർണം പരിഗണിച്ചാണ് താത്കാലിക ശുചീകരണ ജീവനക്കാരെ നിയമിച്ചിരുന്നത്. കാർപെറ്ര് ഏരിയ, കാർ പോർച്ച്, സ്റ്രെയർകേസ്, ടോയ്ലറ്റ്, വരാന്ത തുടങ്ങിയവ പ്രത്യേകം കണക്കിലെടുത്താണ് എത്ര താത്കാലിക ജീവനക്കാരെ നിയമിക്കണമെന്ന് തീരുമാനിച്ചിരുന്നത്. ഇതിനായി പൊതുമരാമത്ത് എൻജിനീയറുടെ സർട്ടിഫിക്കറ്രും വേണ്ടിയിരുന്നു. പുതിയ ഉത്തരവോടെ സർക്കാർ ഓഫീസുകളിൽ ശുചീകരണ തൊഴിലാളികളായി കുടുംബശ്രീക്കാർ വൈകാതെ എത്തും.