കൊടുങ്ങല്ലൂർ: മതിലകം സെന്റ് ജോസഫ്സ് സ്കൂൾ കുത്തിത്തുറന്ന് 3.75 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി പണം ചെലവഴിച്ചത് തമിഴ്നാട്ടിൽ കോഴിപ്പോരിൽ പങ്കെടുക്കാനും ആർഭാട ജീവിതത്തിനും. വാടാനപ്പിള്ളി സ്വദേശി രായംമരക്കാർ വീട്ടിൽ സുഹൈലിനെയാണ് (41) കഴിഞ്ഞ ദിവസം മതിലകം എസ്.ഐ കെ.പി.മിഥുനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 27ന് പുലർച്ചെയായിരുന്നു സ്കൂളിൽ മോഷണം നടന്നത്. വിദ്യാർത്ഥികൾ യൂണിഫോമിന് നൽകിയ പണമാണ് സുഹൈൽ മോഷ്ടിച്ചത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ വാഹനമോഷണം ഉൾപ്പെടെ വിവിധ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
2018ൽ ജയിലിൽ നിന്ന് ഇറങ്ങിയ സുഹൈൽ ആറോളം വാഹനമോഷണ കേസുകളിൽ പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് മതിലകം സ്കൂളിൽ കവർച്ച നടത്തിയത്. അതിന് ശേഷം വരാപ്പുഴ ഭാഗത്ത് നിന്ന് അന്നേ ദിവസം 1 ലക്ഷം രൂപയും കവർന്നിരുന്നു. ആലുവ, പറവൂർ, പട്ടാമ്പി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്ന് പിക്കപ്പ് വാനുകളും മോഷ്ടിച്ചതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ മതിലകം എസ്.ഐ.ക്ക് പുറമെ അഡീഷണൽ എസ്.ഐ.വി ജയൻ, എ.എസ്.ഐ. ജി ജിൽ, സീനിയർ സി.പി.ഒമാരായ ടി.വി.ബാബു, എം.കെ.ഗോപി, എ എ.ഷിജു, ഇ.എസ്.ജീവൻ, അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.