ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്‌കാരം രണ്ടുപേർ പങ്കിട്ടു. കനേഡിയൻ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെർനഡൈൻ ഇവരിസ്റ്റോയുമാണ് ബുക്കർ പ്രൈസിന് അർഹരായത്. ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കർ പ്രൈസ് നിയമാവലി മറികടന്നാണ് വിധികർത്താക്കൾ ഇത്തവണ പുരസ്‌കാരം രണ്ടുപേർക്കായി നൽകിയത്. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവർക്കുമായി പങ്കിട്ട് നൽകും.
ദി ടെസ്റ്റമെന്റ് എന്ന കൃതിയാണ് 79കാരിയായ മാർഗരറ്റ് അറ്റ് വുഡിനെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാർഗരറ്റ് അറ്റ്‌വുഡിന്റെ പേരിലായി.
ഗേൾ,വിമൻ,അദർ എന്ന കൃതിയാണ് ബെർനഡൈൻ ഇവരിസ്റ്റോയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ബുക്കർ പ്രൈസ് നേടുന്ന ആദ്യ കറുത്തവർഗക്കാരിയും കൂടിയാണ് ബെർനഡൈൻ ഇവരിസ്റ്റോ. ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റായ സൽമാൻറുഷ്ദിയും അവസാന പട്ടികയിൽ ഇടം നേടിയിരുന്നു.