ചന്ദ്രകലയും പ്രജീഷും ഞെട്ടലോടെ തലയുയർത്തി തിരിഞ്ഞു.
പരുന്ത് റഷീദും സംഘവും വീണ്ടും വന്നതാണോ എന്നായിരുന്നു അവരുടെ സംശയം.
സുമോയുടെ ഡ്രൈവർ ഇടതുഭാഗത്തെ പവ്വർ വിൻഡോ താഴ്‌ത്തി.
''നിങ്ങളെന്താ ഇവിടെ?"
ചന്ദ്രകലയ്ക്കോ പ്രജീഷിനോ അയാളെ മനസ്സിലായില്ല... ഒരു ചെറുപ്പക്കാരനാണ്. അയാൾ മാത്രമേ അതിനുള്ളിൽ ഉണ്ടായിരുന്നുള്ളു.
പ്രജീഷ് മറുപടി നൽകുവാൻ നാവനക്കും മുൻപ് ചന്ദ്രകല അറിയിച്ചു.
''ഞങ്ങളുടെ വണ്ടി കേടായി. ഗൂഢല്ലൂരിൽ നിന്ന് വർക്ക് ഷോപ്പുകാർ വന്ന് കൊണ്ടുപോയിരിക്കുകയാ. പിന്നെ.. നിങ്ങളെ ഞങ്ങൾക്കു മനസ്സിലായില്ല. ക്ഷമിക്കണം."
ചെറുപ്പക്കാരൻ ചിരിച്ചു.
''ഞാൻ നിലമ്പൂരിൽ കിടന്നാ വണ്ടിയോടിക്കുന്നത്. പാസഞ്ചേഴ്സിനെ മൈസൂറിൽ കൊണ്ടുവിട്ടിട്ടു വരുന്ന വഴിയാ. നിങ്ങൾ വരുന്നെങ്കിൽ കയറിക്കോ."
പ്രജീഷും ചന്ദ്രകലയും പരസ്പരം നോക്കി.
ഇവിടെ കഴിയുന്നത് ഉചിതമല്ല. തൽക്കാലം പോകുന്നതാണ് നല്ലത്. കയ്യിൽ പണമില്ലാതെ മറ്റെങ്ങോട്ടും പോകാനും കഴിയില്ലല്ലോ..
അവർ പെട്ടെന്നു സുമോയിൽ കയറി.
പ്രജീഷ്, ഡ്രൈവറോടൊപ്പം മുന്നിലും ചന്ദ്രകല സെന്റർ സീറ്റിലും.
സുമോ നീങ്ങി.
വണ്ടിയിൽ ഒരുകുപ്പി വെള്ളം ഇരിക്കുന്നതു കണ്ടു.
''ഇതെടുത്തോട്ടെ?"
പ്രജീഷ്, ഡ്രൈവറെ നോക്കി.
''പിന്നെന്താ. എടുത്തോ..."
പാരവശ്യത്തോടെ പ്രജീഷ് കുപ്പിയെടുത്തു തുറന്ന് വായിലേക്കു ചരിച്ചു. അപ്പോഴേക്കും പിന്നിൽ നിന്ന് ചന്ദ്രകല അയാളുടെ തോളിൽ തോണ്ടി.
കുപ്പി അയാൾ അവൾക്കു കൈമാറി.
നിമിഷത്തിനുള്ളിൽ കുപ്പിയിലെ വെള്ളം തീർന്നു.
''നിങ്ങൾ കോവിലകം വിൽക്കുകയാണ്. അല്ലേ?"
പൊടുന്നനെയുള്ള ചെറുപ്പക്കാരന്റെ ചോദ്യം കേട്ട് ഇരുവരും അമ്പരന്നു.
''അതെ. എങ്ങനെയറിഞ്ഞു?"
ഡ്രൈവർ പിന്നെയും ചിരിച്ചു.
''അക്കാര്യവും തുടർന്നുണ്ടായ സംഭവങ്ങളും അവിടെ പാട്ടല്ലേ?"
''എന്തു സംഭവം?"
പ്രജീഷും ചന്ദ്രകലയും ഒരേ നേരത്താണു തിരക്കിയത്.
''അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ?"
''ഇല്ല..."
സുരേഷ് കിടാവിന്റെ മരണവും കോവിലകത്തുനിന്ന് അസ്ഥികളും കിട്ടിയതുമൊക്കെ ഡ്രൈവർ പറഞ്ഞു.
മിണ്ടാനായില്ല പ്രജീഷിനും ചന്ദ്രകലയ്ക്കും.
''അവിടെ പ്രേതമുണ്ടെന്നാ ജനസംസാരം. ഏതായാലും കേസന്വേഷണം അലിയാർ സാറ് ഏറ്റെടുത്തിട്ടുണ്ട്. ഇനി സത്യം തെളിഞ്ഞോളും."
തങ്ങൾ അപകടത്തിലേക്കാണു പോകുന്നതെന്ന് ഇരുവർക്കും തോന്നി. സുരേഷിന്റെ മരണത്തിൽ ഉത്തരവാദിത്വം ഇല്ലെങ്കിലും അവിടെ നിന്നു കണ്ടെടുത്ത അസ്ഥികൂടത്തിനു തങ്ങൾ മറുപടി പറഞ്ഞേ പറ്റൂ...
സുമോ വഴിക്കടവിൽ എത്തിയിരുന്നു.
''ഇവിടെ നിർത്തിയാൽ മതി. ഞങ്ങൾക്ക് ഒരാളെ കാണാനുണ്ട്." പെട്ടെന്നു ചന്ദ്രകല പറഞ്ഞു. ''വർക്ക് ഷോപ്പുകാരോട് കാർ ഇങ്ങോട്ടു കൊണ്ടുവരാൻ പറഞ്ഞോളാം. അതിൽ ഞങ്ങള് നിലമ്പൂരിൽ എത്താം."
ഡ്രൈവർ സുമോ നിർത്തി.
''താങ്ക്സ്."
ഇരുവരും ഇറങ്ങി.
''ചോദിക്കാൻ മറന്നു എന്താ പേര്?"
''മണിലാൽ." അവൻ ഗിയർ ചെയ്‌ഞ്ചു ചെയ്തു. ''എങ്കിൽ ഞാൻ പോകട്ടെ?"
''ശരി."
സുമോ പോയി.
വഴിയരുകിൽ ഇനി എന്ത് എന്നറിയാതെ നിന്നു ചന്ദ്രകലയും പ്രജീഷും.
''കയ്യിൽ പണമില്ലാതെ നമ്മൾ എന്തുചെയ്യും പ്രജീഷ്. എങ്ങാട്ടുപോകും?"
ചന്ദ്രകല ദയനീയമായി അയാളെ നോക്കി.
''തൽക്കാലത്തേക്കു വഴിയുണ്ട്." പ്രജീഷ് തന്റെ കഴുത്തിൽ കിടന്നിരുന്ന മാല ഊരിയെടുത്തു. ''അഞ്ചോ ആറോ പവൻ കാണും."
പ്രജീഷിന്റെ കണ്ണുകൾ വഴിക്കടവിലുള്ള ഒരു ജ്യുവലറിയുടെ ബോർഡിൽ പതിഞ്ഞു.
ഇരുവരും ഗ്ളാസ് ഡോർ തള്ളിത്തുറന്ന് അകത്തെത്തി.
അവിടെ തിരക്കു തീരെ കുറവായിരുന്നു.
മാനേജർ, ചന്ദ്രകലയെ കണ്ട് വിസ്മയിച്ചു.
''ഒരിക്കൽ സീരിയൽ നടി സൂസന്റെയൊപ്പം ഇവിടെ വന്ന ആളല്ലേ?"
''അതെ." ചന്ദ്രകല പുഞ്ചിരിച്ചു.
ഷൂട്ടിംഗു കാണുവാൻ സൂസന്റെയൊപ്പം ഇവിടെ വന്നപ്പോൾ ജ്യുവലറിയിൽ കയറിയ കാര്യം ചന്ദ്രകല ഓർത്തു.
''എന്തുവേണം മേഡം?"
മാനേജർ ഉന്മേഷത്തിലായി.
''ഇതൊന്നു വിൽക്കണം." അവൾ പ്രജീഷിന്റെ കയ്യിൽ നിന്നു മാല വാങ്ങി മേശപ്പുറത്തുവച്ചു.
പിന്നെ തുടർന്നു:
''വഴിയിൽ കാർ ബ്രേക്ക് ഡൗൺ ആയി. എന്റെ ബാഗും പണവുമൊന്നും കാറിൽ നിന്ന് എടുക്കാനും കഴിഞ്ഞില്ല. ഇപ്പോൾ വർക്ക്‌ഷോപ്പുകാർ പറയുന്നു അങ്ങനെയൊന്നും വണ്ടിയിൽ ഇല്ലായിരുന്നെന്ന്. ഞങ്ങൾ പോലീസിൽ കംപ്ളയിന്റു കൊടുക്കാൻ കൂടി പോകുകയാ..."
പിന്നെ കാര്യങ്ങൾ വേഗത്തിലായി. അവിടെ നിന്നു വാങ്ങിയ മാല അല്ലാഞ്ഞതിനാൽ ജ്യുവലറി മാനേജർ ഒരുലക്ഷത്തി പതിനയ്യായിരം രൂപയേ നൽകിയുള്ളു.
പണം വാങ്ങി അവർ ഇറങ്ങി.
''ഇനി നമ്മളെങ്ങോട്ടാ?" പ്രജീഷ് അവളെ നോക്കി.
''ചുങ്കത്തറയ്ക്ക്."
സംശയം കൂടാതെ അവൾ പറഞ്ഞു. പ്രജീഷിന് ഒന്നും മനസ്സിലായില്ല.
(തുടരും)