ചില രോഗികൾക്ക് ചികിത്സ തുടരുമ്പോഴും മൂത്രാശയ പ്രശ്നങ്ങൾ നിലനിൽക്കാറുണ്ട്. വയസാകുന്തോറും മൂത്രാശയ പ്രശ്നങ്ങളും അധികരിക്കും. യൂറോളജിസ്റ്റിനെ സമീപിക്കുന്ന രോഗികളേക്കാൾ എത്രയോ മടങ്ങ് ആൾക്കാർക്ക് യഥാർത്ഥത്തിൽ ഈ അസുഖം ഉണ്ട്. മൂത്രാശയ പ്രശ്നങ്ങൾക്ക് ജീവിതശൈലി മാറ്റങ്ങൾ, ഫിസിയോ തെറാപ്പി, മരുന്നുകൾ കൊണ്ടുള്ള ചികിത്സ, സർജിക്കൽ ചികിത്സ മുതലായ മാർഗങ്ങളാണുള്ളത്. ഒരുവിഭാഗം രോഗികൾക്ക് ചികിത്സകൊണ്ട് അസുഖം കുറയുന്നില്ല എന്നു മാത്രമല്ല ചിലർക്ക് കൂടുതലാകുകയും ചെയ്യുന്നു.
പ്രമേഹം, തീവ്രമായ മൂത്രാശയ പ്രശ്നങ്ങളുള്ളവർ, വിഷാദരോഗമുള്ളവർ, മൂത്രം അറിയാതെ പോകുന്നവർ, ശാരീരികക്ഷമത കുറഞ്ഞവർ തുടങ്ങിയവർക്ക് ചികിത്സ ചിലപ്പോൾ ഫലപ്രാപ്തി താരാതെ വരും. സ്‌ത്രീകളിൽ പ്രമേഹം, വിഷാദരോഗം മുതലായവ മൂത്രാശയപ്രശ്നങ്ങൾ അധികരിക്കാനും ചികിത്സ ഫലിക്കാതെ വരാനും സാദ്ധ്യതഉണ്ടാക്കുന്ന ഘടകങ്ങളാണ്.
മൂത്രം പോകുന്ന തവണകളാണ് ചികിത്സയുടെ ഫലപ്രാപ്തി അളക്കുന്ന ഒരു പ്രധാന ഘടകം.
അമിതവണ്ണം, വൻകുടലിന്റെയും മലാശയത്തിന്റെയും അസുഖങ്ങൾ, മൂത്രരോഗാണുബാധയുടെ ചരിത്രം, മൂത്രാശയത്തിന് അപകടം മൂലമുണ്ടാകുന്ന ക്ഷതം, മറ്റു കുടുംബാംഗങ്ങൾക്കുള്ള മൂത്രാശയ പ്രശ്നങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ചികിത്സ ബുദ്ധിമുട്ടേറിയതാകും.
മൂത്രതടസം വളരെ കൂടുതലായ രോഗികൾ, അനുബന്ധ അസുഖങ്ങൾ, വളരെ വലിപ്പമേറിയ പ്രോസ്റ്റേറ്റ് വീക്കം, മൂത്രമൊഴിച്ചു കഴിഞ്ഞിട്ടും വളരെ കൂടുതലായി മൂത്രം തങ്ങിനിൽക്കുന്നത്, പി.സി.എ കൂടുതലായി ഉള്ളവർ തുടങ്ങിയവരിൽ ചികിത്സ ബുദ്ധിമുട്ടുള്ളതും ഉദ്ദേശിച്ച ഫലം കിട്ടാതെയുള്ളതും ആയിരിക്കും. ഈ കാര്യങ്ങൾ ചികിത്സയ്ക്ക് മുമ്പ് രോഗിയോട് ചർച്ച ചെയ്ത് ചികിത്സയുടെ അനന്തരഫലങ്ങളെപ്പറ്റി ഒരു ധാരണ ഉണ്ടാകണം. ചികിത്സയ്ക്ക് ശേഷം മൂത്രാശയ പ്രശ്നങ്ങൾ നിലനിൽക്കുന്ന രോഗികൾക്ക് ബിഹേവിയറൽ ചികിത്സാ മാർഗങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കണം. സ്റ്റാൻഡേർഡ് ചികിത്സാ മാർഗങ്ങൾക്കു ശേഷം നിലനിൽക്കുന്ന മൂത്രാശയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഒരളവു വരെ ഈ മാർഗങ്ങൾ സഹായിക്കും.
പ്രമേഹം, ഹൃദ്രോഗം, വിവിധങ്ങളായ മരുന്നുകൾ, മൂത്രരോഗാണുബാധ മുതലായവ മൂലം മൂത്രാശയ പ്രശ്നങ്ങൾ നിലനിൽക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത രോഗികൾക്കും ചികിത്സയ്ക്കുശേഷം മൂത്രാശയ പ്രശ്നങ്ങൾ നിലനിൽക്കാം. ദ്രാവകങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുന്നത്, കൃത്യമായ സമയം ഇടവിട്ട് മൂത്രമൊഴിക്കുന്നത് മുതലായവ വഴി ചികിത്സയ്ക്കു ശേഷം നിലനില്ക്കുന്ന മൂത്രാശയ പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാം.
ഡോ.എൻ.ഗോപകുമാർ
യൂറോളജിസ്റ്റ് ആൻഡ് ആൻഡ്രോളജിസ്ററ്,
യൂറോ കെയർ,
ഒാൾഡ് പോസ്റ്റോഫീസ് ലെയിൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേകാേട്ട, തിരുവനന്തപുരം.
ഫോൺ: 944757297.