കല്ലമ്പലം: പള്ളിക്കലാറിൽ തടയണ നിർമ്മിച്ചത് മൂലം കാർഷിക മേഖലയ്ക്കുണ്ടായ പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന് കർഷക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് തൊടിയൂർ തഴവ ഊർജിത നെല്ലുല്പാദക കർഷക സമിതിയാണ് രംഗത്തെത്തിയത്. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയതായും ഇവർ പറഞ്ഞു. തൊടിയൂർ പാലത്തിന് തെക്കുവശത്ത് ചെറുകിട ജലസേചന വകുപ്പ് നിർമ്മിച്ച തടയണയ്ക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. തടയണ കാരണം തൊടിയൂർ, തഴവ, വള്ളികുന്നം, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, താമരക്കുളം പഞ്ചായത്തുകളിലെ കൃഷി നിലങ്ങൾ മഴ പെയ്യുന്നതോടെ പൂർണമായും വെള്ളത്തിലാകുന്നതായി സമിതി ഭാരവാഹികൾ പറയുന്നു. സദുദ്ദേശത്തോടെയാണ് നിർമ്മിച്ചതെങ്കിലും തടയണയുടെ നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണം. ഈ മേഖലയിൽ കൃഷി പൂർണമായും നിലച്ചിരിക്കുകയാണ്.
വേനൽക്കാലത്ത് കനാൽ വഴി ഒഴുകി പള്ളിക്കലാറിൽ എത്തുന്ന വെള്ളവും ഒഴുകിപ്പോകാതെ കെട്ടികിടക്കുന്നു. അടുത്ത വർഷത്തെ കൃഷി ഇറക്കണമെങ്കിൽ എൻജിൻ പുരകളിൽ 31ന് മുൻപായി പമ്പു സെറ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ്. അതിനാൽ തടയണയിൽ ഷട്ടറുകൾ ഉൾപ്പെടെ സ്ഥാപിച്ച് വെള്ളം ഒഴുക്കിവിടുന്നതിനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നും സമിതി പ്രസിഡന്റ് വി. സുന്ദരകുമാറും സെക്രട്ടറി ടി. രഘുനാഥനും ആവശ്യപ്പെട്ടു.
എന്നാൽ പള്ളിക്കലാറിലെ അശാസ്ത്രീയമായ തടയണ കൃഷിക്കും ജനജീവിതത്തിനും ഉണ്ടാക്കുന്ന പ്രയാസം പരിഹരിക്കാൻ തടയണയ്ക്കിരുവശവും പ്രത്യേകം കനാലുകൾ നിർമ്മിച്ച് ജലനിരപ്പ് താഴ്ത്താൻ ജലവിഭവവകുപ്പ് ചീഫ് എൻജിനിയർ ഷംസുദീന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഇറിഗേഷൻ ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. കർഷകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർ പേഴ്സൺ ടി.എൻ. സീമയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനത്തിലാണ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. യോഗത്തിൽ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ഉദയകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഐസക്, തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, ആർ. അമ്പിളിക്കുട്ടൻ, കർഷകർ എന്നിവരും പങ്കെടുത്തു.