kanam-rajeendran

തിരുവനന്തപുരം: ജനങ്ങൾ വോട്ട് ചെയ്യുന്നത് സ്വന്തം രാഷ്ട്രീയ വിശ്വാസത്തിനനുസരിച്ചാണെന്നും ,ഏതെങ്കിലും സമുദായ സംഘടന പറയുന്നതിനനുസരിച്ചല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

എല്ലാ സമുദായ സംഘടനകളിലും വിവിധ രാഷ്ട്രീയകക്ഷികളിൽ വിശ്വസിക്കുന്നവരുണ്ടാകും. അവരുടെ വിശ്വാസത്തിനനുസരിച്ച് വോട്ട് ചെയ്യും. അതുകൊണ്ടാണല്ലോ ഈ സംഘടനകളെല്ലാം എതിർത്തിട്ടും 2016ൽ ഇടതുമുന്നണി 91 സീറ്റ് നേടി വിജയിച്ചത്- പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ കാനം ചൂണ്ടിക്കാട്ടി.

ഏതെങ്കിലും മതവിഭാഗങ്ങളുമായി തർക്കത്തിന് പോകുന്ന പ്രസ്ഥാനമല്ല എൽ.ഡി.എഫ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നതയുള്ളതെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞത്. . മറ്റ് ചില പ്രശ്നങ്ങളും പറഞ്ഞിട്ടുണ്ട്. സർക്കാരുമായി എന്നും സഹകരിച്ചിട്ടേയുള്ളൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് മറച്ചുവച്ച് ,സർക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ജനറൽ സെക്രട്ടറി പറഞ്ഞതായി വ്യാഖ്യാനിച്ച് യു.ഡി.എഫ് പ്രചാരണം നടത്തുന്നത് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെയെന്ന് കരുതിയാണ്.

ശബരിമല യുവതീ പ്രവേശനത്തിനായി സംഘപരിവാറിന്റെ യുവ വനിതാ അഭിഭാഷകർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ 12 വർഷം കേസ് നടന്നപ്പോൾ രാജ്യത്തെ പ്രഗത്ഭരായ അഭിഭാഷകരെ നിരത്തി വാദിച്ചത് എൻ.എസ്.എസാണ്. അത് വിശദമായി കേട്ട ശേഷമാണ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് വിധി പ്രഖ്യാപിച്ചത്. ആ വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാദ്ധ്യത സർക്കാരിനുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എൻ.എസ്.എസിനുമുണ്ട്

ചെറുവള്ളി എസ്റ്റേറ്റ് കൈമാറൽ:

നിയമവശം പരിശോധിക്കും

ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് വില കൊടുത്ത് ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ എല്ലാ നിയമവശങ്ങളും പരിശോധിച്ചേ തീരുമാനമെടുക്കൂവെന്ന് കാനം വ്യക്തമാക്കി. ഇതിന് സർക്കാർ ഉപസമിതിയെ വച്ചിട്ടുണ്ട്. നിയമ വിദഗദ്ധരുടെ അഭിപ്രായം കേട്ടിട്ടേ സർക്കാരിന് എന്തെങ്കിലും ചെയ്യാനാവൂ എന്നും

അദ്ദേഹം പറഞ്ഞു.