തിരുവനന്തപുരം: കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ വെൽനസ് സെന്ററുകളായി ഉയർത്തുമ്പോൾ
സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സസ് ആൻഡ് സൂപ്പർവൈസേഴ്‌സ് യൂണിയൻ സെക്രട്ടേറിയറ്റ് ധർണ സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിൽ ജി.എസ്. ജയലാൽ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. ജൂനിയർ നഴ്സുമാരെ തഴഞ്ഞ് സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കാനുള്ള നീക്കം സർക്കാർ അവസാനിപ്പിക്കണമെന്നും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും ജയലാൽ പറഞ്ഞു.
ധർണയ്ക്കു ശേഷം ഉച്ചയ്ക്ക് 12.30ഓടെ ആയിരത്തോളംജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. സരിത, യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടി.സി. രതീദേവി, ജനറൽ സെക്രട്ടറി എസ്. രേണുകുമാരി, ട്രഷറർ ഗീതാകുമാരി എന്നിവരുമായി സംസാരിച്ചു. പിന്നീട് സ്റ്റേറ്റ് മിഷൻ ഡയറക്ടറുമായി ചർച്ച നടത്തിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്.
പബ്ളിക് സബ് സെന്ററുകൾ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കുമ്പോൾ നിലവിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് വിഭാഗം നൽകി വരുന്ന സേവനങ്ങളിൽ കൂടുതലായി ഒന്നും നഴ്‌സിംഗ് വിഭാഗത്തിലുള്ളവർക്ക് നൽകാൻ കഴിയില്ലെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
സ്റ്റാഫ് നഴ്സുമാർക്ക് സ്വകാര്യ മേഖലയിലും റെയിൽവേയിലുമടക്കം ജോലി ചെയ്യാനാകും. എന്നാൽ, തങ്ങൾക്ക് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ മാത്രമെ ജോലി ചെയ്യാനാകൂവെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി സനൽ രാജ്, എൻ.ജി.ഒ സംഘ് ജനറൽ സെക്രട്ടറി ജയകുമാർ, കെ.ജി.എം.ഒ ജനറൽ സെക്രട്ടറി ഡോ .കെ. വിജയകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് ബൈജുകുമാർ, കെ.ജി.പി.എ സംസ്ഥാന പ്രസിഡന്റ് സലീം തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 728 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെയാണ് വെൽനസ് സെന്ററുകളായി ഉയർത്തുന്നത്.