ദാരിദ്ര്യനിർമ്മാർജ്ജനമെന്നത് അധികാരത്തിലേറാൻ രാഷ്ട്രീയ പാർട്ടികൾ പയറ്റുന്ന കപട മുദ്രാവാക്യമായി മാറുമ്പോൾ ദാരിദ്ര്യത്തിന്റെ യഥാർത്ഥ അടിത്തറ തേടുകയും പ്രായോഗികമായ പരിഹാരം നിർദ്ദേശിക്കുകയും ചെയ്തതിലൂടെയാണ് അഭിജിത് ബാനർജി അദ്ദേഹത്തിന്റെ പത്നി എസ്തർ കഫ്ലോക്കും മൈക്കേൽ ക്രമറിനുമൊപ്പം ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പങ്കിട്ടത്. ഇന്ത്യയ്ക്ക് ഏറെ അഭിമാനവും ചാരിതാർത്ഥ്യവും പകരുന്നതാണ് ഈ സമ്മാനലബ്ധി. ഇന്ത്യൻ വംശജനാണെങ്കിലും ഇപ്പോൾ അമേരിക്കൻ പൗരനായി അവിടെ ഉദ്യോഗത്തിലിരിക്കുന്ന അഭിജിത് ബാനർജിക്ക് ദാരിദ്ര്യം ഒട്ടും അപരിചിതമായ വിഷയമല്ല. മുംബയിൽ ജനിച്ച് കൊൽക്കത്തയിൽ വളർന്ന് ഡൽഹിയിൽ ഉന്നത വിദ്യാഭ്യാസം നേടി അമേരിക്കയിൽ ജീവിതവഴി കണ്ടെത്തിയ ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ ഒരു ഇസത്തിന്റെയും വക്താവോ പ്രചാരകനോ അല്ല. പാവങ്ങളുടെ ജീവിതനിലവാരം എങ്ങനെയെല്ലാം ഉയർത്താമെന്നതിലായിരുന്നു ബാനർജി ദമ്പതികളുടെ പഠനവും ഗവേഷണവും. ലോകത്തിന്റെ ഏതുഭാഗത്തും ദരിദ്രർക്ക് ക്ഷാമമൊന്നുമില്ലാത്തതിനാൽ അവരുടെ ഗവേഷണത്തിന് കനപ്പെട്ട അടിത്തറ തന്നെ ഉണ്ടായി. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പുത്തൻ പരീക്ഷണങ്ങൾക്കായി ഗവേഷണ ശാലതന്നെ സൃഷ്ടിച്ച് ബാനർജി ദമ്പതികളും മൈക്കേൽ ക്രമറും നടത്തിയ ഗവേഷണം പ്രായോഗികഫലങ്ങളും സമ്മാനിച്ചുവെന്നതാണ് എടുത്തു പറയേണ്ടകാര്യം. ദാരിദ്ര്യമെന്ന യാഥാർത്ഥ്യത്തെ എങ്ങനെ നേരിടാനാകുമെന്ന പ്രായോഗിക പരിഹാര നിർദ്ദേശങ്ങളാണ് ഈ ഗവേഷകർ മുന്നോട്ട് വച്ചത്. പട്ടിണിയുടെ ഭിന്ന രൂപങ്ങൾ അവരുടെ ഗവേഷണത്തിൽ ഉൾപ്പെട്ടിരുന്നു. രണ്ടുപതിറ്റാണ്ടു നീണ്ട ഗവേഷണത്തിൽ ദാരിദ്ര്യനിർമ്മാർജ്ജനം പടിപടിയായി സാദ്ധ്യമാക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങളാണ് അവർ കണ്ടെത്തിയത്. വിദ്യാഭ്യാസ - ആരോഗ്യ - സാമൂഹിക രംഗങ്ങളിൽ തങ്ങളുടെ പരീക്ഷണങ്ങൾ വിജയകരമായി ഫലപ്രാപ്തിയിലെത്തിച്ച് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
സ്കൂളുകളിൽ പാവപ്പെട്ട കുട്ടികളുടെ വർദ്ധിച്ച തോതിലുള്ള കൊഴിഞ്ഞു പോക്ക് നല്ല തോതിൽ കുറച്ചത് സൗജന്യ ഉച്ചഭക്ഷണപദ്ധതിയാണെന്ന് ഏവരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്. ഇത്തരത്തിലൊരു ജനകീയ പരിപാടി രാഷ്ട്രീയ കക്ഷികൾ കൊണ്ടുവന്നത് ജനസ്വാധീനം ഉറപ്പിക്കാൻ വേണ്ടിയാണ്. എന്നാൽ സൗജന്യമായി നൽകുന്ന ഉച്ചഭക്ഷണത്തെയും പാഠപുസ്തകങ്ങളെയുംകാൾ കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ കഴിഞ്ഞാൽ അതായിരിക്കും പാവപ്പെട്ട കുട്ടികൾക്ക് നൽകാനാവുന്ന ഏറ്റവും നല്ല ഉപഹാരമെന്നാണ് ബാനർജിയും സഹപ്രവർത്തകരും തങ്ങളുടെ ഗവേഷണത്തിലൂടെ തെളിയിച്ചത്. ദരിദ്രവിഭാഗങ്ങളിൽ നിന്നെത്തുന്ന കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നത് പ്രധാനമായും അവരെ ശരിയായ രീതിയിൽ പഠിപ്പിക്കാത്തതുകൊണ്ടാവും. സർക്കാർ വിദ്യാലയങ്ങളിലാണ് ഇത് ഏറെ പ്രകടമാകുന്നത്. കൃത്യമായി ശമ്പളം വാങ്ങുന്നതിൽ മാത്രം താല്പര്യമുള്ള അദ്ധ്യാപകർ എന്തെങ്കിലും കാട്ടിക്കൂട്ടി ക്ലാസിൽ നിന്ന് മടങ്ങുമ്പോൾ അത് ഏറെ ബാധിക്കുന്നത് പാവപ്പെട്ട കുട്ടികളെ ആയിരിക്കും. ബാനർജി ടീമിന്റെ ഗവേഷണ ഫലങ്ങളെ ആശ്രയിച്ചല്ലെങ്കിലും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ കേരള സർക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിവരുന്ന പ്രത്യേകപഠന പദ്ധതി മികച്ച ഫലം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ദരിദ്രവിഭാഗങ്ങളുടെ ഓരോ ആവശ്യവും കൃത്യമായി അറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടുപിടിക്കാൻ കഴിഞ്ഞാൽ സമൂഹം വളരെ വേഗം വികാസം പ്രാപിക്കും. വൻതോതിലുള്ള മുതൽമുടക്കില്ലാതെതന്നെ നേടാനാവുന്ന അനവധി കാര്യങ്ങളുണ്ട്. ലോകത്ത് അഞ്ചു വയസ് എത്തുംമുമ്പേ അൻപതുലക്ഷം കുട്ടികൾ മരിക്കുന്നുവെന്നാണ് കണക്ക്. അനായാസം ഇതിൽ നല്ലൊരു പങ്ക് തടയാവുന്നതേയുള്ളൂ. പോഷകാഹാരക്കുറവ് മൂലമുള്ള രോഗങ്ങളാവും പലരെയും അകാലമരണത്തിലേക്ക് നയിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ ശമിപ്പിക്കാവുന്ന സാധാരണ രോഗങ്ങൾ പിടിപെട്ടാണ് ദരിദ്രവിഭാഗങ്ങളിലെ അധികം കുട്ടികളും ചരമം പ്രാപിക്കുന്നത്.
സർക്കാരുകൾ വലിയ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പലവൻ പദ്ധതികളും പരാജയപ്പെടുന്നത് ഘടനാപരമായ പിഴവു കൊണ്ടാണെന്ന അഭിപ്രായമാണ് ബാനർജിക്കുള്ളത്. ഏതു പദ്ധതിയായാലും വിജയസാദ്ധ്യതയില്ലെന്നു കണ്ടാൽ ഉടൻ അത് നിറുത്തുകയാണ് വേണ്ടത്. പകരം മറ്റുവഴികൾ തേടണം. ദാരിദ്ര്യം മാറ്റാനുള്ള അനവധി പരീക്ഷണമാർഗ്ഗങ്ങൾ ബാനർജിയും സംഘവും പ്രായോഗികതലത്തിൽതന്നെ പരീക്ഷിച്ചിട്ടുണ്ട്. പലതും പരാജയപ്പെട്ടിട്ടുമുണ്ട്. പരാജയപ്പെട്ടിടത്തുനിന്നു വീണ്ടും പുതിയ പരീക്ഷണം തുടങ്ങും. അങ്ങനെ അവസാനം വിജയത്തിലെത്തുകയും ചെയ്യും. വിജയിക്കുമെന്ന പൂർണബോദ്ധ്യമുള്ള പദ്ധതികളേ സർക്കാരുകൾ നടപ്പാക്കാവൂ എന്നാണ് ബാനർജി മുന്നോട്ട് വയ്ക്കുന്ന ഉപദേശം. രാഷ്ട്രീയലക്ഷ്യത്തോടെ മാത്രം വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ഇന്ത്യൻ രീതി അദ്ദേഹം അംഗീകരിക്കുന്നില്ല. പദ്ധതികൾ നടപ്പാക്കിയതിനുശേഷമുള്ള അതിന്റെ മൂല്യനിർണയം ഇന്ത്യയിൽ വേണ്ടരീതിയിൽ നടക്കാറില്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം പൂർണമായും ശരിയാണ്.
ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന കാര്യങ്ങളാണ് അഭിജിത് ബാനർജിയും സംഘവും മുന്നോട്ട് വച്ചിട്ടുള്ളത്. പട്ടിണിക്കോലങ്ങളെ നിത്യേന കണ്ടുശീലമുള്ള ബാനർജിയിലെ സാധാരണക്കാരന് ദാരിദ്ര്യനിർമ്മാർജ്ജനവിഷയം തന്നെ ഗവേഷണവിഷയമായി തിരഞ്ഞെടുത്തത് സ്വാഭാവികം തന്നെ. സമൂഹത്തിൽ മാറ്റം വരുത്തുക എന്നതാണ് ഏതൊരു സർക്കാരിന്റെയും പ്രഖ്യാപിത ലക്ഷ്യം. പരീക്ഷണങ്ങളിലൂടെ ഗുണകരമെന്നു കാണുന്ന നയങ്ങളും പദ്ധതികളും മാത്രമേ സർക്കാർ പരീക്ഷിക്കാവൂ എന്ന ഉപദേശം കൂടി അദ്ദേഹം മുന്നോട്ട് വയ്ക്കണം.
അമർത്യാസെന്നിനുശേഷം സാമ്പത്തിക ശാസ്ത്രത്തിൽ ഒരു ഇന്ത്യൻ വംശജന് ലഭിച്ച ഈ നോബൽ പുരസ്കാരം രാജ്യത്തിനാകമാനം അഭിമാനിക്കാൻ പോന്നതാണ്. ലോകത്തെ 800 കോടി ജനങ്ങളിൽ എഴുപതുകോടിപേർ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ആവശ്യമായതിന്റെ എത്രയോ കൂടുതൽ ഭക്ഷ്യവസ്തുക്കളുണ്ടായിട്ടും ഒരു നേരത്തെ വിശപ്പടക്കനുള്ള വക കിട്ടാതെ അലയുന്ന കോടാനുകോടികളുണ്ട്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള ഫലപ്രദവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനേ അഭിജിത് ബാനർജിയെപ്പോലുള്ള ഗവേഷകർക്ക് കഴിയൂ. അവ പ്രയോഗതലത്തിലെത്തിച്ച് ദരിദ്രരുടെ കണ്ണീരൊപ്പേണ്ടത് അധികാരത്തിലിരിക്കുന്ന സർക്കാരുകളാണ്.