house

തിരുവനന്തപുരം: ഇന്നലെ ഇറങ്ങിയ മിക്ക പത്രങ്ങളിലെയും തിരുവനന്തപുരത്തെ ചരമ പേജിൽ തുളസീധരൻ ചെട്ടിയാരുടെ ഫോട്ടോയും വാർത്തയും വന്നിരുന്നു. കഴക്കൂട്ടത്ത് സജി ഭവനിൽ തുളസീധരൻ ചെട്ടിയാർ (63) നിര്യാതനായി എന്നായിരുന്നു ആ വാർത്ത. ബന്ധുക്കൾ ഏജന്റ് വഴി അയച്ച ചരമ വാർത്തയാണ് പത്രങ്ങൾ അച്ചടിച്ചത്. രാവിലെ വാർത്തകണ്ട് പലരും വീട്ടിലെത്തി. പക്ഷേ, അവിടെ മരണവീടിന്റെ ആളനക്കമൊന്നുമില്ല. തുളസീധരന്റെ ഭാര്യ മഹേശ്വരി അമ്മാൾ പൂമുഖത്ത് ദുഃഖിതയായി താടിക്ക് കെെയും കൊടുത്തിരിപ്പാണ്. വന്നവർ സംശയത്തോടെ ചോദിച്ചു- 'അപ്പോൾ ഭർത്താവ് മരിച്ചില്ലേ? ഓരോരുത്തരോടും മറുപടി പറയുമ്പോഴും അവർ ശരിക്കും വിതുമ്പി. ജീവന്റെ തുടിപ്പുമായി സ്വകാര്യാശുപത്രിയിലാണ് തുളസീധരൻ.

ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് തുളസീധരന്‌ മസ്തിഷ്ക മരണം സംഭവിച്ചതായി ഒരു ഡോക്ടർ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് തെറ്റിദ്ധരിച്ചാണ് ബന്ധുക്കൾ മരണവാർത്ത നൽകിയത്. ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു.

മൃതദേഹം കൊണ്ടുവരുമെന്നുള്ള കണക്കുകൂട്ടലിൽ തിങ്കളാഴ്ച രാത്രി തന്നെ വീട്ടിൽ ട്യൂബ് ലൈറ്റുകൾ കെട്ടി. ഫോട്ടോ പതിച്ച പോസ്റ്ററുകൾ വീടിനു മുന്നിലും ജംഗ്ഷനിലും പതിച്ചു. കസേരകൾ എത്തിച്ചു. കഴക്കൂട്ടത്തുകാർക്ക് സുപരിചിതനാണ് തുളസീധരൻ ചെട്ടിയാർ. അവിടെ സ്വന്തമായി കടമുറികളുള്ള കെട്ടിടം ഉണ്ട്. രാത്രിയായതോടെ നാട്ടുകാർ ഇരുനില വീടിനു മുന്നിൽ തടിച്ചുകൂടി. പക്ഷേ, മൃതശരീരം വന്നില്ല. രാവിലെയായിട്ടും ഒന്നും സംഭവിച്ചില്ല. അപ്പോൾ തന്നെ ട്യൂബുകൾ അഴിച്ചുമാറ്റി. ഒട്ടിച്ച പോസ്റ്ററുകൾ കീറിക്കളഞ്ഞു. അപ്പോഴേക്കും വാർത്ത വായിച്ച് വന്നവരുടെ ചോദ്യങ്ങൾ അമ്മയെയും മക്കളെയും തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. തുളസീധരൻ പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്തു എന്നറിഞ്ഞുവെങ്കിൽ ഇവർക്ക് വിഷമിക്കേണ്ടി വരില്ലായിരുന്നു. വരുന്നവരോട് അത് പറയുകയും ചെയ്യാം. ഒട്ടും പ്രതീക്ഷ നൽകുന്ന സൂചനയല്ല ആശുപത്രിയിൽ നിന്നു ലഭിക്കുന്നത്.

ഞായറാഴ്ച വീട്ടിൽ വീണ് മഹേശ്വരിഅമ്മാളിന്റെ കൈക്ക്‌ പരിക്കുപറ്റിയിരുന്നു. മക്കൾക്കൊപ്പം തുളസീധരൻ ഭാര്യയെ എസ്.പി ഫോർട്ട് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ചതവു പറ്റിയെന്നു മനസിലായി. ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ സംസാരിച്ചിരിക്കെ പെട്ടെന്ന് തുളസീധരന്റെ കണ്ണുകൾ അടഞ്ഞു. അവിടെ അത്യാഹിത വിഭാഗത്തിലെ പരിശോധന കഴിഞ്ഞ് മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് മഹേശ്വരിഅമ്മാൾ മാത്രമല്ല, അദ്ദേഹത്തെ അറിയാവുന്ന നാട്ടുകാരും ഇപ്പോൾ പ്രാർത്ഥിക്കുന്നുണ്ട്. എന്നാൽ ചരമ വാർത്ത വാട്ട്സാപ്പിൽ പലരൂപത്തിൽ പ്രചരിപ്പിച്ച് ചിരിപ്പിക്കാൻ ശ്രമിക്കുന്നവരും നമ്മുടെ നാട്ടിൽ തന്നെയുണ്ട് എന്നതാണ് പരിതാപകരം. വീട്ടുകാരുടെ വേദന ആരറിയാൻ.....

''മരണം ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ,​ രോഗിയുടെ നില അതീവഗുരുതരമാണ്''

- ഡോ. എ. മാർത്താണ്ഡ പിള്ള,​ ചെയർമാൻ,​ അനന്തപുരി ആശുപത്രി