1

നേമം: വേനൽക്കാലത്ത് ഏവർക്കും പ്രിയപ്പെട്ട പനം കരിക്ക് ഇന്ന് തെക്കൻകേരളത്തിൽ അപൂർവ കാഴ്ചയായി മാറുകയാണ്. പിൻതള്ളപ്പെടുന്ന നൊങ്ക് വ്യാപാരത്തിൽ നിന്നു തൊഴിലാളികൾ മറ്റ് ജോലികളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് നിലവിൽ. അതിർത്തി പ്രദേശമായ കളിയിക്കാവിള,​ കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും തലസ്ഥാനത്തേക്ക് നൊങ്ക് എത്തുന്നത്. നൊങ്ക് കൃഷിയുമായി ബന്ധപ്പെട്ട് നിരവധിപേരാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. തോട്ടം തൊഴിലാളികൾ തുടങ്ങി വില്പനക്കാരും ഇടനിലക്കാരും വരെ ഇതിൽ പെടും. എന്നാൽ പന അറുക്കാൻ പുതുതലമുറ കുറവായതിനാലും പന അറുക്കുന്നവരുടെ കൂലി വർദ്ധനയും ഈ മേഖലയിലെ കർഷകർ മറ്റ് കൃഷികളിലേക്ക് തിരിയാൻ തുടങ്ങി. നിലവിൽ ഏക്കറുകണക്കിന് പനകൾ വെട്ടിമാറ്റി. ഇതോടെ നൊങ്കിന് ക്ഷാമമായിത്തുടങ്ങിയതായി വ്യാപാരികൾ പറയുന്നു.

 ഒപ്പം ഔഷധവും

ചൂടുകാലത്ത് ഔഷധ ഗുണമുള്ള നൊങ്ക് കഴിക്കുന്നത് നല്ലതാണെന്നാണ് പൊതുവേ പറയുന്നത്. മായം ചേരാത്തതും നൊങ്കിന് ആവശ്യം വർദ്ധിപ്പിച്ചു. ആയുർവേദത്തിലും പരമപ്രധാനമായ സ്ഥാനമാണ് പന ഉത്പന്നങ്ങളായ കരിപ്പുകട്ടിക്കും പനം കൽക്കണ്ടിനുമുളളത്. കാൻസർ, കരൾവീക്കം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ അകറ്റാൻ ആയുർവേദ ഔഷധങ്ങളിൽ ഇവ പ്രധാനമായി ഉപയോഗിച്ചു വരുന്നു.

 കെൽപ്പാമിനും രക്ഷയില്ല

പാറശാല കൊറ്റാമത്ത് കേരള സർക്കാരിന്റെ കീഴിലുള്ള കെൽപ്പാം എന്ന സ്ഥാപനം ആരംഭിച്ചത് പന വ്യവസായ തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു. എന്നാൽ ഈ സ്ഥാപനത്തിന് പന നടുന്നതിന്റെയോ സംരക്ഷിക്കുന്നതിന്റെയോ ഉത്തരവാദിത്വം ഇല്ല. തെക്കൻ കേരളത്തിലെ പന വ്യവസായം അന്യം നിന്നതോടെ കെൽപ്പാം കോളക്കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

 വില്ലനായി തണ്ണിമത്തനും ഇളനീരും

ചൂട്കാലത്ത് നൊങ്കും ഇളനീരുമായിരുന്നു താരം. എന്നാൽ നൊങ്കിന്റെ ക്ഷാമം കൂടിയതോടെ വിപണിയിൽ ഇളനീർ പൂർണമായും സ്ഥാനംപിടിച്ചു. ഒപ്പം തണ്ണിമത്തനും. വ്യാപാര അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ നിന്നു വെള്ളം കൂടുതലുള്ള കരിക്ക് എത്താൻ തുടങ്ങിയതോടെ നൊങ്ക് വീണ്ടും പിൻതള്ളപ്പെട്ടു. ഒപ്പം തണ്ണിമത്തനും എത്തിയതോടെ നൊങ്കിനെ വിപണി കൈവിട്ടു. വിശപ്പും ദാഹവും ഒരുപോലെ ശമിക്കുന്നതിനാൽ ഇപ്പോൾ തണ്ണിമത്തനും ഇളനീരിനുമാണ് പ്രിയം.