ktu

തിരുവനന്തപുരം:ചോദ്യപേപ്പർ തയ്യാറാക്കാൻ വിദഗ്ദ്ധരായ അദ്ധ്യാപകരില്ലാത്തതും മൂല്യനിർണയത്തിൽ ചീഫ് എക്സാമിനർമാരുടെ ജാഗ്രതക്കുറവും പരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതായി സാങ്കേതിക സർവകലാശാല.

20 ശതമാനത്തോളം വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നു. ഇതിൽ 30 ശതമാനം പേരും വിജയിക്കുന്നു. ഇത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് 120 എൻജിനിയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും ഡീൻമാരുടെയും യോഗം വിലയിരുത്തി. ചോദ്യപേപ്പർ തയ്യാറാക്കാനും മൂല്യനിർണയത്തിനും പരിചയസമ്പന്നരായ അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കാൻ കോളേജ് അധികൃതർ ഇടപെടണമെന്ന് വൈസ്ചാൻസലർ ഡോ. എം.എസ്.രാജശ്രീ ആവശ്യപ്പെട്ടു.

മാർഗ്ഗരേഖകൾ നേരത്തേ ലഭ്യമാക്കും

മൂല്യനിർണയത്തിനായി തയ്യാറാക്കുന്ന മാർഗ രേഖകളുടെ അപൂർണതയും അപര്യാപ്തതകളും പിഴവുകളുമാണ് തെറ്റായ മൂല്യനിർണയത്തിനും ഫലപ്രഖ്യാപനത്തിനും കാരണമാവുന്നതെന്ന് യോഗം വിലയിരുത്തി.

മാർഗരേഖകൾ അദ്ധ്യാപകർക്ക് നേരത്തേ ലഭ്യമാക്കും. മൂല്യനിർണയം ആരംഭിക്കും മുമ്പ് ചീഫ് എക്സാമിനർമാരും പരീക്ഷാ ചെയർമാൻമാരും ഇവ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണം.

എല്ലാ ചോദ്യപേപ്പറുകളുടെയും അന്തിമ മൂല്യനിർണയ സ്‌കീം ക്യാമ്പുകൾ തുടങ്ങും മുമ്പ് അദ്ധ്യാപകരുടെ വ്യക്തിഗത പോർട്ടലിൽ ലഭ്യമാക്കും.

മൂല്യനിർണയ ക്യാമ്പുകളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ഗസ്റ്റ് അദ്ധ്യാപകരെ ചുരുങ്ങിയത് രണ്ട് വർഷത്തെ ടേം നിയമനങ്ങളിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. മൂല്യനിർണയം വേഗത്തിലാക്കാൻ ഓൺ സ്ക്രീൻ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നു.

വൈസ്ചാൻസലർ വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്ന ഇരുപതോളം സ്ഥാപനങ്ങളുടെ മേധാവികളോട് വിശദീകരണം ആവശ്യപ്പെടും. പ്രോ വൈസ് ചാൻസലർ ഡോ.എസ്. അയൂബ്, രജിസ്ട്രാർ ഡോ. ജി. പി. പദ്‌മകുമാർ, ഡീൻമാരായ ഡോ. ജെ. ശ്രീകുമാർ, ഡോ. വൃന്ദാ വി. നായർ, പരീക്ഷാ കൺട്രോളർ ഡോ.വി.സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.

വായിക്കാതെ മാർക്കിട്ടു; 20

മിടുക്കർക്ക് കൂട്ടത്തോൽവി

കൊല്ലം യൂനുസ് കോളേജിലെ അദ്ധ്യാപകൻ മൂല്യനിർണയം നടത്തിയ വിഷയത്തിൽ മാത്രം തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജിലെ സമർത്ഥരായ 20 കുട്ടികൾ പരാജയപ്പെട്ടു. കൂട്ടത്തോൽവി അന്വേഷിച്ചപ്പോൾ, വായിച്ചു നോക്കുകപോലും ചെയ്യാതെ മാർക്കിട്ടെന്നും വാല്യുവേഷൻ സ്കീം പാലിച്ചിട്ടില്ലെന്നും ടാബുലേഷനിൽ തെറ്റുണ്ടായെന്നും കണ്ടെത്തി. തീരെ അലക്ഷ്യമായി മൂല്യനിർണയം നടത്തിയ അദ്ധ്യാപകന്റെ ഐ.ഡി റദ്ദാക്കി. സർവകലാശാലയുടെ ഒരു കോളേജിലും പഠിപ്പിക്കാനാവില്ല.

ചോദ്യപേപ്പർ സെറ്റ്

അദ്ധ്യാപിക ചോർത്തി

തൃശൂർ വിദ്യ അക്കാഡമിയിലെ അദ്ധ്യാപിക ചോദ്യപേപ്പറിന്റെ സെറ്റുകൾ പുറത്തെത്തിച്ചു. ചോദ്യപേപ്പർ സ്‌ക്രൂട്ടിണിക്ക് എത്തിയപ്പോഴായിരുന്നു ഈ അദ്ധ്യാപിക ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യപേപ്പറിന്റെ രഹസ്യസ്വഭാവം നഷ്ടമാക്കിയെന്ന് വ്യക്തമായതോടെ ചോദ്യപേപ്പർ രൂപീകരണത്തിൽ നിന്ന് ഇവരെ ആജീവനാന്തം വിലക്കി.