കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങൾ എന്നും കളരിക്കു പുറത്ത് നിന്നാൽ മതിയെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നതാണ് പിന്നാക്ക വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നിഷേധിച്ച ഇപ്പോഴത്തെ ഈ തീരുമാനം. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കമായതിനാൽ തന്നെ വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്നതിൽ കാണിച്ചിരിക്കുന്ന വിവേചനം ഭരണഘടനാ വിരുദ്ധവും നീതിനിഷേധവും പിന്നാക്ക വിഭാഗക്കാരോടുള്ള തികഞ്ഞ അവഗണനയും ആണ്. പിന്നാക്ക വിഭാഗങ്ങൾ ഒരു കാലത്തും ഭരണപങ്കാളിത്തം ഉറപ്പാക്കാൻ പാടില്ല എന്നുള്ള ഫ്യൂഡൽ വ്യവസ്ഥിതിയുടെ പിൻമുറക്കാർ ഇന്നും അവരുടെ ചതിയും വഞ്ചനയും തുടർന്നുകൊണ്ടേയിരിക്കുന്നു. പാർലമെന്ററി രംഗത്തായാലും രാഷ്ട്രീയ സംഘടന രംഗത്തായാലും ഉദ്യോഗസ്ഥ മേഖലയിലും പിന്നാക്ക വിഭാഗങ്ങളെ പുറത്തു നിറുത്തുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നത് അതതു മേഖലയിലുമുള്ള സവർണ്ണന്റെ ഹോബിയായിരുന്നു. ഇന്നും അത് അഭംഗുരം തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇപ്പോൾ അത് കുട്ടികളുടെ വിദ്യാഭ്യാസത്തിനു നൽകുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്നതിൽ എത്തിനിൽക്കുന്നു. ക്രിസ്ത്യൻ/മുസ്ലിം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളുകളിലും/എയ്ഡഡ് സ്കൂളുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുമ്പോൾ ഈഴവ, വിശ്വകർമ്മ, ഹിന്ദു നാടാർ വിഭാഗം കുട്ടികൾക്ക് സർക്കാർ സ്കൂളുകളിലും/എയ്ഡഡ് സ്കൂളുകളിലും മാത്രമായി പരിമിതപ്പെടുത്തി. അതിൽ തന്നെ വീണ്ടും വെട്ടി നിരത്തുന്നതിനുവേണ്ടി സ്കോളർഷിപ്പിന് അർഹരാകുന്നതിന് ക്രിസ്ത്യൻ/മുസ്ളിം വിഭാഗം കുട്ടികൾക്ക് 60 ശതമാനം മാർക്ക് മതിയെങ്കിൽ ഈഴവ, വിശ്വകർമ്മ, ഹിന്ദുനാടാർ വിഭാഗമായാൽ അവർ 80 ശതമാനം മാർക്ക് നേടിയിരിക്കണം. എന്നിട്ടും അരിശം തീരാത്ത രക്തദാഹികൾ ഒരു മാനദണ്ഡം കൂടി ചേർത്തുവച്ചു. ക്രിസ്ത്യൻ/മുസ്ലിം വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കുന്നതിനുള്ള വാർഷിക വരുമാനം 6 ലക്ഷം വരെയാകാം. എന്നാൽ ഈഴവ, വിശ്വകർമ്മ ഹിന്ദുനാടാർ വിഭാഗങ്ങൾക്ക് 2.5 ലക്ഷം കവിഞ്ഞാൽ അപേക്ഷിക്കുവാൻ പാടില്ല. ഇതെന്തൊരു നീതി. ഇതാണോ ജനാധിപത്യം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് സ്വപ്നം കണ്ട നമ്മുടെ രാഷ്ട്രപിതാവിന്റെ ഇന്ത്യ ഇതാണോ? ഈ രാജ്യത്ത് പിന്നാക്കക്കാരൻ കൂടി ഭരണപങ്കാളിത്തത്തിൽ എത്തുമ്പോൾ മാത്രമേ ജനാധിപത്യപ്രക്രിയ പൂർത്തിയാകൂ എന്ന് മനസിലാക്കി ഉറക്കമിളച്ച ഭരണഘടനാ ശില്പി ഡോ. അംബേദ്കർ സ്വപ്നം കണ്ട നീതിയാണോ ഇവിടെ നടക്കുന്നത്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പാടിയവർ സ്വപ്നം കണ്ട വികസനത്തിനുള്ള മാർഗ്ഗമാണോ ഈ വിവേചനം.
ഇത് ഒരുതരം മാനസിക അവസ്ഥയാണ്. തമ്പുരാന്റെ എഴുന്നള്ളത്ത് അറിയാതെ മുൻപിൽ വന്നു പെട്ടു പോയ ചെറുമനെ മുക്കാലിയിൽ കെട്ടി അടിക്കാൻ തന്റെ കിങ്കരന്മാർക്ക് ആജ്ഞ നൽകി ഉമ്മറത്തെ കസേരയിൽ ഇരുന്ന്, തല്ലു കൊള്ളുന്ന ചെറുമന്റെ വേദനകൊണ്ടു പുളയുന്ന ശരീരത്തിൽ നോക്കി അട്ടഹസിക്കുന്ന മാടമ്പിത്തരത്തിന്റെ മാനസികാവസ്ഥയാണത്. സവർണാധിപത്യത്തിന്റെ നെറുകയിൽ ശക്തമായ പ്രഹരം നൽകിക്കൊണ്ട് പിന്നാക്കക്കാരനെയും ദളിതനെയും ചേർത്തു നിറുത്തി രക്തരൂക്ഷിത സമരത്തിനു പോലും തയ്യാറായ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാരിൽ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിക്കുന്നില്ല.
ഏത് സ്കൂളിൽ പഠിച്ചാലും വിദ്യാർത്ഥികൾ എല്ലാം ഒന്നല്ലേ? പരീക്ഷ നടത്തുന്നത് സർക്കാരല്ലേ? സർട്ടിഫിക്കറ്റുകൾ നൽകുന്നത് സർക്കാരല്ലേ? അതുപോലെ തന്നെ കുട്ടികളുടെ കഴിവിനെ വർഗീയവത്്കരിക്കുന്നത് എന്ത് മാനദണ്ഡമാണ്. ഒരു വിഭാഗം കുട്ടികൾക്ക് 80 ശതമാനം മാർക്ക് വേണമെങ്കിൽ മറ്റൊരു വിഭാഗത്തിന് 60ശതമാനം മതി. കൂടാതെ ഒരു വിഭാഗത്തിന് 6 ലക്ഷം വരെ വരുമാനം ആകാം. മറ്റൊരു വിഭാഗത്തിന് 2.5 ലക്ഷം കഴിഞ്ഞാൽ പുറത്ത്. വരുമാന സർട്ടിഫിക്കറ്റിൽ പോലും വർഗ്ഗീയത. ഇവിടെ യഥാർത്ഥത്തിൽ ജാതി വിവേചനം സൃഷ്ടിക്കുന്നത് ഇത്തരം തീരുമാനങ്ങളല്ലേ? ജാതിയുടെ പേരിൽ ആനുകൂല്യം നഷ്ടപ്പെടുമ്പോഴല്ലേ ജാതിയെക്കുറിച്ച് ചിന്തിക്കുന്നത്. മതേതരത്വം എന്നും ജനാധിപത്യം എന്നും സ്ഥിതി സമത്വം എന്നും നിരന്തരം പറയുന്ന മതേതര വാദികൾ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചു കണ്ടില്ല. സാമ്പത്തിക സംവരണം കൊണ്ട് വരുന്നതിനുള്ള കുറുക്കുവഴികൾ പലതും തേടിക്കൊണ്ട് പുതിയ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. കോളേജ് അഡ്മിഷനിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം യു.ഡി.എഫ് സർക്കാർ കൊടുത്തപ്പോൾ തിരുവിതാകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചു. കൂടാതെ റൊട്ടേഷൻ സമ്പ്രദായത്തിലൂടെ പി.എസ്.സി നിയമനങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ താത്കാലിക നിയമനം നടത്തി അതുപിന്നെ സ്ഥിരപ്പെടുത്തി ഉദ്യോഗങ്ങളിൽ നിന്നും പിന്നാക്ക വിഭാഗത്തെ മാറ്റി നിറുത്തുന്നു. ഭരണസിരാകേന്ദ്രത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥ ലോബികൾ രൂപപ്പെടുത്തുന്ന നിയമങ്ങളും ചട്ടങ്ങളും ആവശ്യമായ പഠനം നടത്താതെ അനുമതി നൽകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഇതിനെതിരെ ശക്തമായ ഐക്യനിര രൂപപ്പെടേണ്ടതുണ്ട്. അവിടെ ജാതിയും മതവും രാഷ്ട്രീയവുമില്ല. എല്ലായിടത്തുമുള്ള പിന്നാക്കക്കാരന്റെ അവസ്ഥ അതിദയനീയമാണ്. രക്തം തിളയ്ക്കുന്ന പ്രസംഗങ്ങളും കോട്ടകൊത്തളങ്ങളെ തകർത്തെറിയുന്ന മുദ്രാവാക്യങ്ങളും നെഞ്ചുവിരിച്ചു നിൽക്കുന്ന സമരമുഖങ്ങളുമാണ് എന്നും പിന്നാക്കക്കാരന്റെ സ്വപ്നങ്ങൾക്ക് ശക്തിയേകുന്നത്. ആ ശക്തിയാണ് 30 ശതമാനം വരുന്ന മുന്നാക്കക്കാരൻ 70 ശതമാനം വരുന്ന പിന്നാക്കക്കാരനെ നിലയ്ക്കു നിറുത്താനും കബളിപ്പിക്കാനുമുള്ള ശക്തി. ആ ശക്തി തിരിച്ചറിഞ്ഞ് സ്വത്വബോധം വീണ്ടെടുത്ത് ഒരുമയോടെ പോർക്കളത്തിൽ ഇറങ്ങിയാലേ ഈ നാട്ടിൽ പിന്നാക്കക്കാരന് ജീവിക്കാൻ കഴിയൂ.
(യോഗനാദം ഒക്ടോബർ 15 ലക്കത്തിലെ മുഖപ്രസംഗം)