foriegn-university-
FORIEGN UNIVERSITY

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സെമസ്റ്ററുകളിൽ ഒരു വിഷയത്തിന് മാത്രം തോൽക്കുന്ന വിദ്യാർത്ഥികളെ ജയിപ്പിക്കാൻ അഞ്ച് മാർക്ക് വരെ പ്രത്യേക മോഡറേഷൻ നൽകാനുള്ള ശുപാർശയിൽ 26ന് ചേരുന്ന അക്കാഡമിക് കൗൺസിൽ തീരുമാനമെടുക്കും. നിലവിലുള്ള മോഡറേഷന് പുറമെയാണ് പ്രത്യേക മോഡറേഷൻ. വിദ്യാർത്ഥികളുടെ കാമ്പസ് പ്ലേസ്‌മെന്റ് നഷ്‌ടമാവാതിരിക്കാനാണ് ഇതെന്നാണ് വിശദീകരണം.

എം.ജി സർവകലാശാലയിലെ ഫയൽ അദാലത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും 5 മാർക്ക് പ്രത്യേക മോഡറേഷൻ നൽകാൻ തീരുമാനിച്ചതും വിവാദമായിരിക്കെയാണ് സാങ്കേതിക സർവകലാശാലയും പ്രത്യേക മോഡറേഷന് ഒരുങ്ങുന്നത്. കേരള, കോഴിക്കോട് സർവകലാശാലകളിൽ 5 മുതൽ 8 ശതമാനം വരെ പ്രത്യേക മോഡറേഷൻ നിലവിലുണ്ട്. അതിന് സമാനമായ വ്യവസ്ഥകളുണ്ടാക്കാൻ അക്കാഡമിക് കൗൺസിലിനോട് സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്.

കാമ്പസ് പ്ലേസ്‌മെന്റ്

സാങ്കേതിക സർവകലാശാലയിൽ ഒരു സെമസ്റ്ററിൽ ഒരു വിഷയത്തിന് മാത്രം തോൽക്കുന്നവർ 500ൽ താഴെയേ വരൂ. ആറ്, ഏഴ്, എട്ട് സെമസ്റ്ററുകളാണ് ഏറെ നിർണായകം. അഞ്ചാം സെമസ്റ്റർ വരെയുള്ള വിജയം പരിഗണിച്ചാണ് കമ്പനികൾ കാമ്പസ് പ്ലേസ്‌മെന്റ് നടത്തുന്നത്. എല്ലാ വിഷയങ്ങളും ജയിച്ചവർക്ക് കോഴ്സ് പൂർത്തിയാക്കിയാലുടൻ ജോലിയിൽ പ്രവേശിക്കാൻ ഓഫർ ലെറ്റർ നൽകും. ശേഷിക്കുന്ന സെമസ്റ്ററുകളുടെ ഫലം പിന്നീടാണ് പ്രസിദ്ധീകരിക്കുക. ഇതിൽ പല സെമസ്റ്ററുകളും ഒരു വിഷയത്തിന് തോൽക്കുന്നവർക്ക് നേരത്തേ ലഭിച്ച കാമ്പസ് പ്ലേസ്‌മെന്റ് നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. തോറ്റ വിഷയത്തിൽ പരീക്ഷയെഴുതി വിജയിക്കാൻ ഒരു വർഷം വരെ കാത്തിരിക്കണം. ഇത്തരം പരാതികൾ വർദ്ധിച്ചിട്ടുണ്ടെന്നും ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ഒരുവർഷം നഷ്‌ടമാവുന്നത് ഒഴിവാക്കാനാണ് പ്രത്യേക മോഡറേഷൻ നൽകുന്നതെന്നും സർവകലാശാലാ അധികൃതർ പറഞ്ഞു.പാസ് ബോർഡ് നൽകുന്ന മോഡറേഷൻ എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കും. പ്രത്യേക മോഡറേഷൻ ഒരു വിഷയത്തിൽ മാത്രം തോൽക്കുന്നവർക്കേ ലഭിക്കൂ.

സാങ്കേതിക സർവകലാശാല:

പ്രതിവർഷം ചേരുന്നത്

22,000 കുട്ടികൾ

തോൽക്കുന്നത്

6,600 പേർ ( 30%)

''വിദ്യാർത്ഥികൾക്ക് ഗുണകരമായ ശുപാർശയാണിത്. ഒരു വിഷയത്തിന് തോൽക്കുന്നവർക്ക് പരമാവധി 5 മാർക്ക് നൽകാനാണ് ശുപാർശ''

-സാങ്കേതിക സർവകലാശാല അധികൃതർ