തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിലെ നിർണായക തെളിവായിരുന്ന തൊണ്ടിമുതലുകൾ ആർ.ഡി.ഒ ആഫീസ് ശുചീകരണത്തിന്റെ ഭാഗമായി ആർ.ഡി.ഒ എസ്.ജി.കെ. കിഷോറിന്റെ നിർദ്ദേശപ്രകാരം നശിപ്പിച്ചു എന്ന ക്രെെംബ്രാഞ്ച് വാദം പൊളിച്ച് മുൻ ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ മൊഴി.

അന്വേഷണത്തിന്റെ ഭാഗമായി ക്രെെംബ്രാഞ്ച് വാങ്ങിയ തൊണ്ടിമുതലുകൾ തിരിച്ച് ആർ.ഡി.ഒ കോടതിയിൽ മടക്കി നൽകിയില്ലെന്ന് മുൻ ഹെഡ് കോൺസ്റ്റബിൾ ശങ്കരൻ പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രെെംബ്രാഞ്ച് ഡി.വെെ.എസ്.പി കെ. സാമുവൽ നിർദ്ദേശിച്ച പ്രകാരം കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ ഏറ്റുവാങ്ങിയിരുന്നു. ശങ്കരൻ ഇവ ആർ.ഡി.ഒ കോടതിയിൽ മടക്കി നൽകിയതായാണ് ക്രെെംബ്രാഞ്ച് രേഖകളിലുള്ളത്. ശങ്കരന്റെ മൊഴിയോടുകൂടി കേസിലെ നിർണായക തെളിവായ തൊണ്ടിമുതലുകൾ അന്വേഷണ ഘട്ടത്തിൽ തന്നെ ക്രൈംബ്രാഞ്ച് നശിപ്പിച്ചു എന്ന സി.ബി.എെ വാദം ശക്തിപ്പെട്ടു.

അന്വേഷണ സംഘത്തിൽ അംഗമായിരുന്നെങ്കിലും കേസ് സംബന്ധമായ ആവശ്യത്തിന് ആർ.ഡി.ഒ കോടതിയിൽ പോയിട്ടില്ലെന്നും ശങ്കരൻ പ്രത്യേക സി.ബി.എെ കോടതിയെ അറിയിച്ചു. സാധാരണ നിലയിൽ അസ്വാഭാവിക മരണങ്ങളുടെ തൊണ്ടിമുതലുകൾ കുറഞ്ഞത് മൂന്ന് വർഷം വരെ സൂക്ഷിക്കാറുണ്ടെന്ന് ആർ.ഡി.ഒ കോടതി ജീവനക്കാരനായ രാജു നമ്പൂതിരിയും മൊഴി നൽകി. കേസ് അവസാനിപ്പിച്ചതായി കാണിച്ച് പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് നിർദ്ദേശം ഉണ്ടെങ്കിലേ തൊണ്ടി മുതലുകൾ നശിപ്പിക്കാറുള്ളൂ. കോടതിയിൽ എത്തുന്ന തൊണ്ടിമുതലുകൾ അടക്കമുള്ളവ സെക്‌ഷൻ ക്ളാർക്ക് നോക്കി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടേ കോടതി രേഖകളിൽ ഉൾപ്പെടുത്താറുള്ളൂ എന്നും രാജു കോടതിയെ അറിയിച്ചു.

പ്രതികളുടെ പുതിയ ഹർജി

പ്രതികളായ ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ നാർകോ പരിശോധന നടത്തിയ ഡോക്ടർ മാലിനിയുടെ സഹായികളായ കൃഷ്ണ വേണിയെയും പ്രവീണിനെയും സാക്ഷികളായി വിസ്തരിക്കുന്നതിനെ എതിർത്ത് പ്രതികൾ കോടതിയിൽ ഹർജി നൽകി.

നാർകോ അനാലിസിസ് ടെസ്റ്റ് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ ഉദ്ധരിച്ചായിരുന്നു ഹർജി.

നാർകോ ടെസ്റ്രിലെ വെളിപ്പെടുത്തലുകൾ പ്രതികൾക്ക് ദോഷമായി ബാധിക്കുമെന്നതിനാൽ സാക്ഷിവിസ്താരം അനുവദിക്കരുതെന്നാണ് പ്രതികളുടെ ആവശ്യം. ഹർജിയിൽ സി.ബി.എെ നിലപാട് അറിയാൻ കോടതി മാറ്റിവച്ചു. 2007 ലാണ് ബംഗളൂരുവിലെ ഫോറൻസിക് സയൻസ് ലാബിൽ വച്ച് പ്രതികളുടെ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തിയത്.