വിതുര: വിദേശകാര്യമന്ത്രാലയത്തിന്റെ 'ഇന്ത്യയെ അറിയുക എന്ന പദ്ധതി'യുടെ ഭാഗമായി നാൽപ്പത് വിദേശരാജ്യങ്ങളിൽ നിന്നുള്ള അറുപത് അംഗ പ്രതിനിധി സംഘം വിതുരയിൽ എത്തി.പഞ്ചായത്തിന്റെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി.ആദിവാസിമേഖലകളിലും പേപ്പാറ ഡാമിലും സുനിൽ അഗ്‌നിഹോത്രിയുടെ നേതൃത്വത്തിൽ സംഘം സന്ദർശനം നടത്തി.ആദിവാസികളുടെ ജീവിതരീതികളെക്കുറിച്ചും വികസനപ്രവർത്തനങ്ങളെ കുറിച്ചും സംഘം ചർച്ച ചെയ്തു.വിതുര പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ എം. ലാലി, എം. ശോഭന, പി. ജലജകുമാരി, സൈഫിൻസ, സതീശൻ, എ.അനി, ജി.ഡി. ഷിബുരാജ് എന്നിവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.