youth-congress

തിരുവനന്തപുരം: പ്ലാനിംഗ് ബോർഡിലെ ഇന്റർവ്യൂവിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘ‌ർഷത്തിൽ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു.

പൊലീസ് ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. പാർലമെന്റ് ജനറൽ സെക്രട്ടറി ഷഫീക്ക്, നേതാക്കളായ ശോഭകുമാർ, ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ആണി തറച്ച ലാത്തികൊണ്ടുള്ള അടിയേറ്റാണ് ഷഫീക്കിന് പരിക്കേറ്റത്.

പ്ലാമൂട് ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പി.എസ്.സി ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. തുടർന്ന് പി.എസ്.സി ഓഫീസിനു മുന്നിൽ പ്രതിഷേധം തുടർന്നു.

പ്രവർത്തകരെ നീക്കാൻ പൊലീസ് വീണ്ടും രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.

പി.എസ്.സി ചെയർമാനെ കണ്ടശേഷമേ മടങ്ങൂവെന്ന നിലപാടെടുത്ത് നേതാക്കൾ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. ഇതോടെ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് നാഷണൽ കോ ഓർഡിനേറ്റർ എൻ.എസ്. നുസൂർ, പാർലമെന്റ് പ്രസിഡന്റുമാരായ വിനോദ് യേശുദാസ്, വർക്കല ഷിബു, സംസ്ഥാന ഭാരവാഹികളായ എസ്.എം. ബാലു, എം. പ്രസാദ്, ബി.എസ്. അനൂപ്, ലാൽ റോഷൻ, അരുൺ .ആർ.ഒ എന്നിവർ നേതൃത്വം നൽകി.

മാർച്ചിൽ ആണിതറച്ച ലാത്തിയും

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ നേരിടാൻ പൊലീസ് ഉപയോഗിച്ചത് ആണിതറച്ച ലാത്തിയെന്ന് ആരോപണം. മാർച്ചിനിടെ ആണിതറച്ച ലാത്തി ശ്രദ്ധയിൽപ്പെട്ട ഒരു പ്രവർത്തകൻ നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നേതാക്കൾ എത്തി ലാത്തി പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നു പിടിച്ചുവാങ്ങി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി.