1

തിരുവനന്തപുരം: ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റീസിന്റെ നേതൃത്വത്തിൽ മലേഷ്യയിലെ പെനാംഗിൽ നടക്കുന്ന സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ മികച്ച മാലിന്യപരിപാലനത്തിനുള്ള പുരസ്‌കാരം നേടി മടങ്ങിയെത്തിയ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന് ജീവനക്കാർ സ്വീകരണം നൽകി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, എസ്.എസ്. സിന്ധു, കൗൺസിലർമാരായ ഗോപകുമാർ, എൻ.എ. റഷീദ്, ഗീതകുമാരി, നഗരസഭാ സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ ചേർന്ന് ചെയർമാനെ സ്വീകരിച്ചു. നഗരസഭാ ഓഫീസിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ പ്രകടനമായെത്തിയ ശേഷം നഗരസഭാ കവാടത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ മേയർ വി.കെ. പ്രശാന്തിന് അവാർഡ് കൈമാറി. തുടർന്ന് നഗരസഭാ അങ്കണത്തിൽ അനുമോദനയോഗം ചേർന്നു. നഗരസഭയ്ക്ക് ലഭിച്ച അംഗീകാരം ശുചീകരണ തൊഴിലാളികളുടെയും ഹെൽത്ത് ജീവനക്കാരുടെയും വിജയമാണെന്നും പുരസ്‌കാരം നഗരവാസികൾക്ക് സമർപ്പിക്കുന്നതായും മേയർ പറഞ്ഞു.