2

വിഴിഞ്ഞം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തെ പുലിമുട്ട് നിർമ്മാണം ഇന്ന് തുടങ്ങും. പുലിമുട്ട് നിർമ്മാണം കഴിയുമ്പോൾ തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തെ 90 ശതമാനം പണികളും പൂർത്തിയാകും. പുലിമുട്ട് നിർമ്മാണത്തിനായി തിരുനെൽവേലിയിൽ നിന്നു കല്ലെത്തിക്കും. നിർമ്മാണ സ്ഥലത്ത് ശേഖരിച്ചിരിക്കുന്ന 20 ലക്ഷം ടൺ ചെറിയ കരിങ്കല്ലുകളാണ് ഇന്നു മുതൽ നിക്ഷേപിക്കുന്നത്. ഇതിനു മുകളിലായി വലിയ കരിങ്കല്ലുകൾ നിക്ഷേപിക്കുന്ന ജോലികൾ ആരംഭിക്കും. ഇതിനായി 10 ട്രക്കുകൾ നിർമ്മാണ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 675 മീറ്ററോളം പുലിമുട്ട് നിർമ്മിച്ച ശേഷമാണ് കരിങ്കൽ ക്ഷാമം നേരിട്ടത്. കടൽക്ഷോഭത്തിലും ഓഖിയിലും നിർമ്മിച്ച പുലിമുട്ടിന്റെ 150 മീറ്ററോളം തകർന്നതും പദ്ധതിക്ക് തിരിച്ചടിയായി. രണ്ടാംഘട്ട വികസനം ലക്ഷ്യമിട്ട് അധിക പൈലുകൾ സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. പ്രദേശത്ത് കടൽക്ഷോഭം രൂക്ഷമാണെങ്കിലും ഇതിനെ പ്രതിരോധിച്ച് ആദ്യ ഘട്ടത്തിലെ പൈലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ബീമുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മറ്റ് പണികൾ നടത്തണമെങ്കിൽ പുലിമുട്ട് നിർമ്മാണം പൂർത്തിയാക്കണം. വലിയ കല്ലുകൾ ലഭിച്ചാലുടൻ ഇത് പുനരാരംഭിക്കും. നഗരൂരിൽ നിന്ന് പാറ പൊട്ടിച്ചു തുടങ്ങിയെങ്കിലും തുറമുഖ നിർമ്മാണ സ്ഥലത്ത് ഇതുവരെ എത്തിത്തുടങ്ങിയില്ല. 20 ഓളം ക്വാറികളിൽ നിന്നു കല്ലുകൾ പൊട്ടിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇവ ബാർജ് മുഖാന്തരം വിഴിഞ്ഞത്ത് എത്തിക്കും. 3.1 മീറ്റർ നീളത്തിലാണ് തുറമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നത്. ബാർജ് വഴിയുള്ള കരിങ്കല്ലുകൾ അടുത്ത മാസം ആദ്യവാരമെത്തിക്കും. നവംബർ ആദ്യവാരം ശേഷിക്കുന്ന ഡ്രഡ്‌ജിംഗ് പണികൾ ആരംഭിക്കും.

ആദ്യഘട്ടത്തിൽ 615 പൈലുകൾ

രണ്ടാം ഘട്ടത്തിൽ 21 പൈലുകൾ

 കടൽ ശാന്തമാകുന്നതോടെ തുറമുഖത്തെ ശേഷിച്ച ഡ്രഡ്‌ജിംഗ് ജോലികൾ ആരംഭിക്കും. വൈകാതെ ജപ്പാനിൽ നിന്ന് പുതിയ ടഗ് വിഴിഞ്ഞത്തെത്തും. ഈ മാസം പകുതിയോടെ ആദ്യ ഘട്ട ബെർത്ത് നിർമ്മാണം പൂർത്തിയാക്കാനാകും - അധികൃതർ

നിക്ഷേപിക്കുന്നത് ഇങ്ങനെ

കടലിന്റെ അടിത്തട്ടിൽ 120 മീറ്റർ വീതിയിൽ 10 മുതൽ 500 കിലോഗ്രാം തൂക്കമുള്ള കല്ലുകളാണ് പ്രത്യേക രീതിയിൽ നിക്ഷേപിക്കുന്നത്. അടിത്തട്ടിൽ നിന്നു കടൽനിരപ്പിലേക്ക് എത്തുമ്പോൾ വീതി കുറഞ്ഞ് 10 മീറ്ററാകും. ഇതിനു വശങ്ങളിലായി അക്രോപോഡുകൾ നിക്ഷേപിച്ച് പുലിമുട്ടിനെ തിരയിൽ നിന്നു സംരക്ഷിക്കും. ആകെ 3.1 മീറ്റർ നീളമുള്ള പുലിമുട്ട് 2 മീറ്റർ എത്തുമ്പോൾ ഇടതുവശത്തേക്ക് ചരിഞ്ഞാണ് പോകുന്നത്.