mg-uni

തിരുവനന്തപുരം:എം.ജി സർവകലാശാലയിൽ തോ​റ്റ വിദ്യാർത്ഥിയെ ജയിപ്പിക്കുന്നതിന് മാർക്ക് നൽകാൻ തീരുമാനിച്ചത് ഫയൽ അദാലത്തിലാണെന്ന് വ്യക്തമായി. സിൻഡിക്കേറ്റാണ് മാർക്ക് ദാനത്തിന് തീരുമാനിച്ചതെന്ന മന്ത്റി കെ.ടി. ജലീലിന്റെയും എം.ജി സർവകലാശാല വൈസ്ചാൻസലറുടെയും വാദം തള്ളുന്നതാണ് വിവരാവകാശ അപേക്ഷ പ്രകാരം സർവകലാശാല നൽകിയ മറുപടി.

'ബി.ടെക് കോഴ്‌സുകൾ സാങ്കേതിക സർവകലാശാലയിലേക്ക് പോയതിനാലും ഏതെങ്കിലും ഒരു വിഷയത്തിന് മാത്രം ഒരു മാർക്ക് ജയിക്കാൻ ആവശ്യമായ സാഹചര്യത്തിലും നിലവിൽ പാസ്ബോർഡ് നൽകിയ മോഡറേഷന് പുറമെ ഒരു മാർക്ക് സ്‌പെഷ്യൽ മോഡറേഷൻ നൽകുന്നതിന് തീരുമാനിക്കുന്നു. തീരുമാനം ബി.ടെക് കോഴ്‌സിന് മാത്രം ബാധകമാകുന്നതും വിദ്യാർത്ഥി അപേക്ഷിക്കുന്ന മുറയ്ക്ക് നൽകുന്നതുമാണ് ' എന്നാണ് അദാലത്ത് തീരുമാനമായി രേഖെപ്പടുത്തിയിട്ടുള്ളത്. 2019 ഫെബ്രുവരിയിൽ നടന്ന അദാലത്തിലെ തീരുമാനം നടപ്പാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ ബന്ധപ്പെട്ട സെക്‌ഷൻ ചൂണ്ടിക്കാട്ടിയപ്പോൾ, ഫയൽ വൈസ്ചാൻസലറുടെ ഉത്തരവ് പ്രകാരം അക്കാഡമിക് കൗൺസിലിന്റെ പരിഗണനക്കായി സമർപ്പിച്ചെന്നാണ് സർവകലാശാല നൽകിയ മറുപടി. തുടർന്ന്, ഏപ്രിൽ 30ന് ചേർന്ന സിൻഡിക്കേ​റ്റ് ഒന്ന് മുതൽ അഞ്ച് മാർക്ക് വരെ സ്‌പെഷ്യൽ മോഡറേഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. അദാലത്തിലെ തീരുമാനത്തിൽ വൈസ്ചാൻസലറും ഒപ്പ് വച്ചിട്ടുണ്ട്.

'ഞങ്ങൾ ഒരേ നാട്ടുകാർ'

ജയിക്കാനാവശ്യമായ മാർക്കിനായി എം.ജി സർവകലാശാലയെ സമീപിച്ച വിദ്യാർത്ഥിനിയും ഒരു സിൻഡിക്കേറ്റ് അംഗവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഒരേ നാട്ടുകാരാണെന്ന വിവരം പുറത്തുവന്നു.

ഈ വിദ്യാർത്ഥിനി ഗ്രേസ് മാർക്ക് നേടിയാണ് അഞ്ചാം സെമസ്റ്ററിലെ ഒരു പരീക്ഷ പാസായത്. വീണ്ടും ഗ്രേസ് മാർക്ക് ആവശ്യപ്പെട്ട് സർവകലാശാലയെ സമീപിച്ചപ്പോൾ, നൽകാനാവില്ലെന്ന് വി.സിയും ജോയിന്റ് രജിസ്ട്രാറും അറിയിച്ചു. പിന്നീട്,വിദ്യാർത്ഥിനി ഫയൽ അദാലത്തിലെത്തി ഒരു മാർക്ക് അധികം വാങ്ങാനുള്ള ഉത്തരവു നേടുകയായിരുന്നു. ഈ വിദ്യാർത്ഥിനിയുടെ നാട്ടുകാരാണ് ഫയൽ അദാലത്തിൽ പങ്കെടുത്ത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഒൗട്ട് ഒഫ് അജൻഡയായി വിഷയം പരിഗണിച്ച സിൻഡിക്കേറ്റിലെ ഒരംഗവും.

ഫലം വന്ന ശേഷം തോറ്റവരെ ജയിപ്പിക്കാനായി മാർക്കു കൂട്ടി നൽകാൻ സിൻഡിക്കേറ്റിനോ വി.സിക്കോ അധികാരമില്ല. മന്ത്രിയോ പേഴ്സണൽ സ്റ്റാഫോ സർക്കാർ ഉദ്യോഗസ്ഥരോ പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, മോഡറേഷൻ എന്നിവയിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്. ഫയൽ അദാലത്തിൽ ഭരണപരമായ കാര്യങ്ങളല്ലാതെ അക്കാഡമിക്, പരീക്ഷാ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാനാവില്ല. പരീക്ഷാ ഫലം പ്രഖ്യാപിക്കും മുമ്പ് എക്സാമിനേഷൻ പാസ് ബോർഡിന് മാത്രമാണ് മോഡറേഷൻ തീരുമാനിക്കാനുള്ള അവകാശം. ഇതും എം.ജി സർവകലാശാലയിൽ ലംഘിക്കപ്പെട്ടു.