കഴക്കൂട്ടം: ഭിന്നശേഷിക്കുട്ടികൾക്കായി മാജിക് അക്കാഡമി ഒരുക്കുന്ന തത്സമയ സിനിമാ നിർമാണ കേന്ദ്രമായ കാമെല്ലെ കാസ്‌കേഡിന്റെ ഉദ്ഘാടനം നടന്നു. സിനിമാ നിർമാതാവ് ഗോകുലം ഗോപാലൻ ആദ്യ ക്ലാപ്പടിച്ചതോടെ മലയാള സിനിമയുടെ വിസ്മയങ്ങളായ മധുവും വിധുബാലയും അരയ്ക്കു താഴെ തളർന്ന നന്ദിത ബാബുവും ചേർന്ന രംഗം സംവിധായകൻ കമൽ മനോഹരമായി കാമറയിൽ പകർത്തി. ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തിലുള്ള സിനിമാ നിർമ്മാണം ലോക സിനിമ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്നും ഏറ്റവും വലിയ വിസ്മയമായി ഈ സംരംഭം മാറുമെന്നും ചലച്ചിത്രതാരം മധു കാമെല്ലെ കാസ്‌കേഡിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. ചടങ്ങിൽ നടി വിധുബാല, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, മാജിക് അക്കാഡമി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല തുടങ്ങിയവർ പങ്കെടുത്തു. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു തത്സമയ സിനിമാ ചിത്രീകരണത്തിന് നേതൃത്വം നൽകി. ഭിന്നശേഷിക്കുട്ടികളുടെ കലാവതരണത്തിനായി മാജിക് അക്കാഡമി, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, തിരുവനന്തപുരം നഗരസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്ററിലെ ആറാമത്തെ വേദിയാണ് കാമെല്ലെ കാസ്‌കേഡ്. കാണികളെയും ഉൾപ്പെടുത്തി ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തിൽ തത്സമയം സിനിമാ ചിത്രീകരണം നടത്തുന്ന വേദിയാണ് കാമെല്ലെ കാസ്‌കേഡ്. ചിത്രസംയോജനം, ശബ്ദലേഖനം, സംഗീതം തുടങ്ങി ഒരു സിനിമയുടെ നിർമാണ പ്രക്രിയയിലെ എല്ലാ വിഭാഗങ്ങളും ഭിന്നശേഷിക്കുട്ടികൾ തന്നെ തത്സമയം ചെയ്ത് കാണികൾക്ക് അപ്പോൾ തന്നെ സിനിമാ പ്രദർശനവും സാദ്ധ്യമാക്കും. 100 കുട്ടികളാണ് ഡിഫറന്റ് ആർട്‌സ് സെന്ററിൽ കലാവതരണം നടത്തുന്നത്.