തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച റഗുലേറ്ററി അതോറിട്ടിയുടെ ചെയർമാനായി പി.എച്ച്.കുര്യൻ ചുമതലയേറ്റു. അതോറിട്ടി അംഗമായി നിയമിച്ച നിയമ വിദഗ്ധ പ്രീത പി.മേനോൻ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. മറ്റൊരു അംഗമായ മാത്യു ഫ്രാൻസിന് നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് വിടുതൽ വാങ്ങി ഉടൻ ചുമതലയേൽക്കും. കിഫ്ബിയിലെ സാങ്കേതിക വിദഗ്ധനാണ് ഇദ്ദേഹം. തുടർന്ന് അതോറിട്ടി ആദ്യ യോഗം ചേരും.
ചെയർമാനും അംഗങ്ങളും നിയമിതരായെങ്കിലും അതോറിട്ടിയുടെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നന്തൻകൊട്ടെ സ്വരാജ് ഭവന്റെ അഞ്ചാം നിലയിൽ അതോറിറ്റിക്ക് ഓഫീസ് അനുവദിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഇവ സജ്ജമായ ശേഷമേ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാനാകൂ. തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച റിയൽ എസ്റ്റേറ്ര് മേഖല സംബന്ധിച്ച പരാതികൾ വരും ദിവസങ്ങളിൽ അതോറിട്ടിക്ക് കൈമാറും.
2016- ലെ കേന്ദ്ര നിയമത്തിനു പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അതോറിട്ടി നിലവിൽ വന്നിട്ടും കേരളത്തിൽ തീരുമാനമാകാത്തത്, മരടിലെ ഫ്ളാറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെ, കഴിഞ്ഞ ആഴ്ചയാണ് ചെയർമാനെയും അംഗങ്ങളെയും നിയമിച്ച് സർക്കാർ ഉത്തരവായത്.
അതോറിട്ടി വന്നതോടെ കെട്ടിടനിർമ്മാതാക്കൾക്കും പ്രൊമോട്ടർമാർക്കും രജിസ്ട്രേഷൻ ഉണ്ടെങ്കിലേ പ്രവർത്തിക്കാനാകൂ. കെട്ടിടനിർമ്മാതാക്കളും ഫ്ലാറ്റുടമകളും തമ്മിലുണ്ടാക്കുന്ന കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നതാണ് ഈ രംഗത്തെ പ്രധാന പരാതി.
ജീവനക്കാരെ നിയമിക്കാനും ഒാഫീസ് സംവിധാനം ഒരുക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈകാതെ ഓഫീസിന്റെ പ്രവർത്തനം തുടങ്ങാനാകും.
- പി.എച്ച്. കുര്യൻ
ചെയർമാൻ, റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി