മലയിൻകീഴ്: വിളപ്പിൽശാല -ചൊവ്വള്ളൂർ ഭാഗത്തേക്കുള്ള ബസ് സർവീസ് നിലച്ചതിനാൽ പ്രദേശവാസികൾ യാത്ര ചെയ്യുന്നതിന് നന്നേ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ചെവ്വള്ളൂർ ക്ഷേത്ര ജംഗ്ഷനിൽ നിന്ന് നഗരത്തിലേക്ക് നിത്യവും കെ.എസ്.ആർ.ടി.സി മൂന്ന് സർവീസുകളാണ് നടത്തിയിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ബസ് സർവീസ് നിറുത്തലാക്കുകയായിരുന്നു. രാവിലെയും വൈകിട്ടുമായി രണ്ട് സർവീസുകളാണ് നടത്തിയിരുന്നത്. വിളപ്പിൽശാല മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ചൊവ്വള്ളൂർ റോഡിൽ ഇലക്ട്രിക് പോസ്റ്റ് തടസമായി തള്ളി നിൽക്കുന്നതിനാൽ ബസ് സർവീസ് നിറുത്തുന്നുവെന്നാണ് ഒന്നര വർഷം മുൻപ് ട്രാൻസ്‌പോർട്ട് അധികൃതർ നൽകിയ വിവരം. പ്രദേശവാസികൾ കെ.എസ്.ഇ.ബി.ഓഫീസിലും വിളപ്പിൽ ഗ്രാമപഞ്ചായത്തിലും നിരവധി പരാതികൾ നൽകിയതോടെ മാസങ്ങൾക്ക് മുൻപ് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു. തുടർന്ന് വീണ്ടും ബസ് സർവീസ് ആവശ്യപ്പെട്ട് നാട്ടുകാർ കെ.എസ്.ആർ.ടി.സി അധികൃതരെ സമീപിച്ചതോടെ ചൊവ്വള്ളൂരിൽ മൂന്നു മാസം മുൻപ് ഒരു ബസ് പരീക്ഷണ ഓട്ടം നടത്തി. സർവീസ് നടത്തുന്നതിന് യാതൊരു തടസവുമില്ലെന്ന് ബന്ധപ്പെട്ടവർ ഡിപ്പോ അധികൃതർക്ക് റിപ്പോർട്ടും നൽകി. പരീക്ഷണ ഓട്ടത്തിന് ശേഷം അടുത്ത ദിവസം ബസ് സർവീസ് പുന:രാരംഭിക്കാനിരുന്നത് ബോധപൂർവം ചിലർ മാറ്റിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ചൊവ്വള്ളൂർ ഭാഗത്തേക്ക് ബസ് സർവീസ് വീണ്ടും ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നാണ് പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പ്.