തിരുവനന്തപുരം: ജയിൽ വകുപ്പിൽ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച് കൂട്ട സ്ഥാനക്കയറ്റം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 277 ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. അഞ്ചു വർഷമായി ജയിൽ വകുപ്പിൽ സ്ഥാനക്കയറ്റം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് പുതിയ തീരുമാനം ഉണ്ടായത്. സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തതും മേഖലാ അടിസ്ഥാനത്തിലുള്ള സീനിയോറിട്ടി റദ്ദാക്കി സംസ്ഥാന തലത്തിലാക്കിയതും ചോദ്യം ചെയ്ത് ഹൈക്കോടതിയിലും അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും കേസുണ്ടായിരുന്നതിനാലാണ് സ്ഥാനക്കയറ്റം നിറുത്തിവച്ചിരുന്നത്.
സ്ഥാനക്കയറ്റം നൽകാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായതോടെയാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ മൂന്നുവരെ ഉറക്കമൊഴിഞ്ഞിരുന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്ഥാനക്കയറ്റ പട്ടികയ്ക്ക് അംഗീകാരം നൽകി ഉത്തരവിറക്കിയത്. 184 അസി. പ്രിസൺ ഓഫീസർമാരെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരാക്കി. 10പേരെ ഗേറ്റ് കീപ്പർമാരാക്കിയും 15 പേരെ പ്രിസൺ ഓഫീസർമാരായും 58 പേരെ അസി. സൂപ്രണ്ട് ഗ്രേഡ്-2 ആയും 5 പേരെ അസി.സൂപ്രണ്ട് ഗ്രേഡ്-1 ആയും 3പേരെ ജോയിന്റ് സൂപ്രണ്ടുമാരായും സ്ഥാനക്കയറ്റം നൽകി. ജയിൽ വകുപ്പ് ആസ്ഥാനത്തെ എട്ട് ഉന്നത മിനിസ്റ്റീരിയൽ തസ്തികകളിലും സ്ഥാനക്കയറ്റമുണ്ട്. ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിലുകളുടെ സൂപ്രണ്ടുമാരെ ഡി.ഐ.ജിമാരാക്കി സ്ഥാനക്കയറ്റം നൽകി. ചീമേനിയിലെ പി.അജയകുമാറിനെ ഉത്തരമേഖലാ ഡി.ഐ.ജിയാക്കി. നിലവിൽ ദക്ഷിണമേഖലാ ഡി.ഐ.ജിയായ എസ്.സന്തോഷിനെ ജയിൽ ആസ്ഥാനത്ത് ഡി.ഐ.ജിയാക്കി.
കൂട്ട സ്ഥാനക്കയറ്റം വന്നതോടെ ഇത്രയും തസ്തികകളിൽ നിയമനത്തിനും അവസരമൊരുങ്ങി. ഈ തസ്തികകളിൽ നിയമനം നടത്തണമെന്ന് പി.എസ്.സിക്ക് ജയിൽ വകുപ്പ് ശുപാർശ ചെയ്യും.