മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ നായകൻ സൗരവ് ഗാംഗുലി ഈ മാസം 23ന് സ്ഥാനമേൽക്കും. 23നാണ് ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗത്തിൽ സൗരവിനൊപ്പം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സെക്രട്ടറി ജയ്‌ഷാ, ട്രഷറർ അരുൺ ധുമാൽ, ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, വൈസ് പ്രസിഡന്റ് മഹിം വെർമ്മ, പ്രഭ്തേജ് സിംഗ് ഭാട്യ (കൗൺസിലർ), ബ്രിജേഷ് പട്ടേൽ, ഖൈറുൽ ജമാൽ മജുദാർ (ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ) എന്നിവരും സൗരവിനൊപ്പം സ്ഥാനമേൽക്കും. ഇന്നലെ ഇവർ നൽകിയ നാമനിർദ്ദേശ പത്രികകൾ ബി.സി.സി.ഐ ഇലക്ടറൽ ഓഫീസർ എൻ. ഗോപാലസ്വാമി സൂക്ഷ്മ പരിശോധന നടത്തി സ്വീകരിച്ചു.
ടീം ബി.സി.സി.ഐ
സൗരവ് ഗാംഗുലി പ്രസിഡന്റ്
ലോധ കമ്മിഷൻ വിധി പ്രകാരമുള്ള കൂളിംഗ് ഒഫ് പീരിയഡ് വേണ്ടതിനാൽ അടുത്ത 10 മാസത്തേക്ക് മാത്രമാണ് ഗാംഗുലിക്ക് ബി.സി.സി.ഐ പ്രസിഡന്റാകാൻ കഴിയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയാണ് ഗാംഗുലി. ഇപ്പോൾ സി.എ.ബി പ്രസിഡന്റും. ആറ് വർഷം മാത്രമേ തുടർച്ചയായി ഒരാൾക്ക് ഭാരവാഹിത്വം വഹിക്കാൻ കഴിയൂ. തുടർന്ന് മൂന്ന് വർഷത്തെ കൂളിംഗ് ഒഫ് പീരിയഡിനു ശേഷം വീണ്ടുമെത്താം. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരത്തിന് ബി.ജെ.പിക്കുവേണ്ടി ഇറങ്ങുമെന്ന ഉറപ്പിലാണ് അമിത്ഷായും അനുരാഗ് താക്കറും സൗരവ് ഗാംഗുലിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചത്. അവസാന നിമിഷമാണ് ഗാംഗുലി പ്രസിഡന്റാകുമെന്ന് ഉറപ്പിക്കപ്പെട്ടത്.
ജയ് ഷാ സെക്രട്ടറി
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി പ്രസിഡന്റുമായ അമിത്ഷായുടെ മകനുമാണ് ജയ്‌ഷാ. അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ജയ്‌ഷാ 2013ൽ ജി.സി.എ ജോയിന്റ് സെക്രട്ടറിയായാണ് ക്രിക്കറ്റ് ഭരണരംഗത്തേക്ക് എത്തിയത്. കഴിഞ്ഞ മാസമാണ് ജി.സി.എ ഭാരവാഹിത്വത്തിൽ നിന്ന് ഇരുവരും ഒഴിഞ്ഞത്. ജയ്‌ഷാ സെക്രട്ടറിയോ ട്രഷററായോ ബി.സി.സി.ഐ ഭരണസമിതിയിലെത്തുമെന്നത് ഉറപ്പായിരുന്നു. പദവിയുടെ കാര്യത്തിൽ ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചാണ് സെക്രട്ടറിയായി നോമിനേഷൻ നൽകിയിരിക്കുന്നത്.
അരുൺ ധുമൽ ട്രഷറർ
മുൻ ബി.സി.സി.ഐ പ്രസിഡന്റും ഇപ്പോൾ കേന്ദ്ര ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ സഹോദരനാണ് അരുൺ ധുമാൽ. മുൻ ഹിമാചൽ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലിന്റെ മക്കളാണ് അനുരാഗും അരുണും. കഴിഞ്ഞയാഴ്ചയാണ് ഹിമാചൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി അരുൺ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 2000 മുതൽ അനുരാഗ് താക്കൂർ ഹിമാചൽ ക്രിക്കറ്റ് അസോസിയേഷൻ ഭരണരംഗത്തുണ്ടായിരുന്നു. അരുണിന്റെ പുതിയ സ്ഥാനലബ്ധിക്ക് വേണ്ടി ചരടുകൾ വലിച്ചത് അനുരാഗാണ്. അനുരാഗിന്റെ ഭരണത്തിനായാണ് അരുണിനെ ട്രഷററാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറി
നിലവിലെ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ജയേഷ്. എതിരില്ലാതെ പാനൽ രൂപീകരിക്കുന്നതിനുള്ള ചർച്ചകളിൽ ജയേഷും പങ്കാളിയായിരുന്നു.
ബി.സി.സി.ഐ സ്ഥിരം പ്രസിഡന്റാകുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് സൗരവ് ഗാംഗുലി. നേരത്തെ മഹാരാജ ഒഫ് വിജയനഗരം ബി.സി.സി.ഐ പ്രസിഡന്റായിരുന്നു. 1954 മുതൽ 56 വരെ ആയിരുന്നു ഇത്
2014 ൽ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറും ശിവലാൽ യാദവും ബി.സി.സി.ഐ താത്കാലിക പ്രസിഡന്റുമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ശുഭസൂചനയാണ് സൗരവ് ദാദയുടെ പ്രസിഡന്റ് പദവി. ക്രിക്കറ്റ് കരുത്തിൽ നായകനായി ശോഭിച്ച ദാദയ്ക്ക് പ്രസിഡന്റ് പദവിയിലും തിളങ്ങാനാകും.
വിരേന്ദർ സെവാഗ്.