തിരുവനന്തപുരം: പരസ്യപ്രചാരണം തീരാൻ നാലു നാളേ ബാക്കിയുള്ളൂ. വട്ടിയൂർക്കാവിൽ കൊട്ടും മേളവുമായി അവസാനവട്ട പ്രചാരണം പൊടിപൂരം. ഇതുവരെ കാണാനാകാതെ പോയ വോട്ടർമാരെ തേടിപ്പിടിച്ച് നേരിട്ട് വോട്ടുതേടുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. നാലു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ ശേഷമുള്ള വാഹന പര്യടനമാണ് നടപ്പു വിശേഷം. ഉച്ചയൂണു കഴിഞ്ഞാണ് പുറപ്പാട്.
വോട്ട് വിഹിതത്തിന്റെ അവസാനവട്ട കൂട്ടിക്കിഴിക്കലിൽ തലപുകയ്‌ക്കുകയാണ് പ്രചാരണ ചുമതലയുള്ള നേതാക്കളും പ്രവർത്തകരും. പ്രചാരണത്തിന്റെ പോരായ്മ കൊണ്ട് ഒരു വോട്ടും പാഴാകരുതെന്ന് മുകളിൽ നിന്ന് നിർദ്ദേശമുണ്ട്. പ്രമുഖ നേതാക്കൾ ഒന്നിലേറെ തവണ മണ്ഡലത്തിൽ പര്യടനവും പ്രസംഗവും കഴിഞ്ഞു. കൺവെൻഷനുകളും ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള പൊതുയോഗങ്ങളുമായി മുന്നണികളെല്ലാം സജീവം. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ അവസാന ദിനങ്ങളിലെ പ്രചാരണം നിർണായകമാണ്. ഇതു മുന്നിൽക്കണ്ട് പ്രചാരണത്തിന് വേഗം കൂട്ടാനും റാലികൾ സംഘടിപ്പിക്കാനും മുന്നണികൾ ഓടിനടക്കുന്നു. ഘടകകക്ഷികൾ സംഘടിപ്പിച്ച ബൈക്ക് റാലി കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. മുന്നണികളുടെ ശക്തി വിളിച്ചോതി ഘടകകക്ഷികളെയും പോഷക സംഘടനകളെയും ഒരുമിച്ചു ചേർത്തുള്ള വാഹന റാലികൾ വരും ദിവസങ്ങളിൽ വട്ടിയൂർക്കാവിനെ ഇളക്കിമറിക്കും. ശനിയാഴ്ചയാണ് കൊട്ടിക്കലാശം. ഞായറാഴ്ച നിശബ്ദ പ്രചാരണവും.