-chidambaram

തിരുവനന്തപുരം: നഗരത്തിലെ ആദ്യകാല ഹാർഡ്‌വെയർ വ്യാപാരിയായ പി.ചിദംബരത്തിന്റെ വേർപാർടിൽ കണ്ണീരണിഞ്ഞ് പവർ ഹൗസ് റോഡിലെ വ്യാപാരികൾ. 1960 മുതൽ വീടുനിർമാണ സാമഗ്രികൾ ലഭിക്കുന്ന ഏക സ്ഥാപനമായിരുന്നു സി.പി സൺസ്. അച്ഛന്റെ പാത പിന്തുടർന്നാണ് ചിദംബരം കച്ചവടത്തിലേക്ക് എത്തിയത്. തടി വ്യാപാരത്തിൽ തുടങ്ങി ഹാർഡ് വെയർ വ്യാപാരത്തിൽ വിജയിച്ച ചരിത്രമാണ് സി.പി സൺസിനുള്ളത്.തിരുവട്ടാർ സ്വദേശിയും ചിദംബരത്തിന്റെ പിതാവുമായ സി. പെരുമാൾ പിള്ളയാണ് 1923 ൽ സി.പി സൺസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പവർഹൗസ് റോഡിൽ തടി വ്യാപാരമായിരുന്നു ആദ്യ സംരംഭം. ഈ പ്രശസ്തിയാലാണ് പവർ ഹൗസ് റോഡിന് മരക്കട റോഡ് എന്ന പേരു വീണത്. ഹാർഡ് വെയർ വ്യാപാരത്തിലേക്ക് ചുവടുമാറ്റുന്നത് 1960 കളിലാണ്. ഇന്ത്യൻ നിർമിത വീടു നിർമാണ സാമഗ്രികൾക്കൊപ്പം ഇറക്കുമതി ചെയ്ത സാധനങ്ങളും വിൽപ്പനയ്ക്കായി നിരത്തി സി.പി സൺസ് ഹാർഡ് വെയേഴ്സ് വ്യാപാരത്തിൽ മുന്നിലെത്തി. ഇപ്പോൾ ഹാർഡ് വെയർ, പെയിന്റു കട തുടങ്ങി മൂന്നു വ്യാപാര സ്ഥാപനങ്ങളാണ് സി.പി. സൺസിന്റെ ഉടമസ്ഥതയിലുള്ളത്. ആദ്യം സ്ഥാപനം ആരംഭിച്ച അതേ സ്ഥലത്താണ് ഇപ്പോഴും സി.പി സൺസ് സ്ഥിതി ചെയ്യുന്നത്. ശാരീരിക അവശതകൾക്കിടയിൽ അവസാനമായി വിജയദശമി ദിവസം അദ്ദേഹം സ്ഥാപനത്തിലെത്തി പുതിയ കണക്കു പുസ്തകത്തിൽ ആദ്യ കണക്കെഴുതി. ശാരീരിക അവശതകളെ തുടർന്നുള്ള ചികിത്സയ്ക്കും ആശുപത്രി വാസത്തിനും ശേഷം ഒരുമാസത്തോളം വിശ്രമത്തിലായിരുന്നു ചിദംബരം.