ഇനി ബൗണ്ടറിക്കണക്കിൽ വിജയം വേണ്ട
ഫലം കാണുന്നതുവരെ സൂപ്പർ ഓവറുകൾ
ദുബായ് : കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ വിജയികളെ കണ്ടെത്താൻ ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച നിയമം ഇനി മുതൽ പ്രധാന ടൂർണമെന്റുകളിൽ വേണ്ടെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. സൂപ്പർ ഓവറിലും ഒരേ സ്കോർ വന്നാൽ വീണ്ടും സൂപ്പർ ഓവർ നടത്താനും ഫലം കാണുന്നതുവരെ ഇത് തുടരാനുമാണ് പുതിയ തീരുമാനം.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും നിശ്ചിത 50 ഓവറിൽ 241 റൺസ് വീതം നേടിയിരുന്നു. സൂപ്പർ ഓവറിൽ 15 റൺസ് വീതവും. തുടർന്ന് കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ളണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ മുൻ താരങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും ആരാധകരിൽ നിന്നും കടുത്ത വിമർശമാണ് ഉയർന്നിരുന്നത്. ഇതേ തുടർന്നാണ് നിയമം മാറ്റാൻ ഐ.സി.സി തീരുമാനിച്ചത്.
ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മിറ്റി ശുപാർശപ്രകാരമാണ് ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നിയമ പരിഷ്കരണം അംഗീകരിച്ചത്. മേജർ ടൂർണമെന്റുകളുടെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിലെ സൂപ്പർ ഓവർ സമനിലയിലാണെങ്കിൽ അത് സമനിലയിലായതായി പരിഗണിക്കും. സെമിഫൈനൽ, ഫൈനൽ തുടങ്ങിയ നോക്കൗട്ട് മത്സരങ്ങളിലാണ് ഫലം കാണുന്നതുവരെ സൂപ്പർ ഓവറുകൾ ആവർത്തിക്കുക.