vattiyoorkkavu-election

തിരുവനന്തപുരം: വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ വട്ടിയൂർക്കാവിൽ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. മുന്നണി നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്‌താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുന്നണികൾ ഭൂരിപക്ഷം ബൂത്തുകളിലും കുടുംബയോഗങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതിനിടെ പാർട്ടികൾ തങ്ങൾക്ക് കിട്ടുന്ന വോട്ടുകൾ ഉൾപ്പടെയുളള കാര്യങ്ങളിൽ ആഭ്യന്തര കണക്കുകൂട്ടലും ആരംഭിച്ചു.

രാവിലെ കെ.മുരളീധരനും വി.എസ് ശിവകുമാറിനും ഒപ്പം ശാസ്‌തമംഗലം മംഗലം ലൈനിൽ ഭവന സന്ദർശനം നടത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് ഇന്നത്തെ പൊതു പര്യടനം തൊഴുവൻകോട് ക്ഷേത്രത്തിന് മുന്നിൽ നിന്നും ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു. മൂന്ന് മണിക്ക് ടി.ടി.സി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വാഹന പര്യടനം രാത്രി എട്ട് മണിക്ക് ശാസ്തമംഗലം ജംഗ്ഷനിൽ സമാപിക്കും.

രാവിലെ വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത്. പ്രവർത്തകരുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വിശകലനം നടത്താനും പ്രശാന്ത് സമയം കണ്ടെത്തി.വി കെ പ്രശാന്തിന്റെ വാഹനപ്രചരണം വൈകിട്ട് മൂന്നു മണിക്ക് നന്തൻകോട് ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്നാണ് ആരംഭിക്കുന്നത്. പട്ടം, പ്ലാമൂട് , കേശവദാസപുരം മേഖലകളിലൂടെ ടി.പി.ജെ നഗറിൽ പര്യടനം അവസാനിക്കും. പര്യടനത്തിനോട് അനുബന്ധിച്ച് എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ വിവിധയിടങ്ങളിൽ സംസാരിക്കും. മേഖല കേന്ദ്രങ്ങളിൽ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്.

എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സുരേഷിന്റെ കുടപ്പനക്കുന്ന് ഏര്യയിലെ വാഹനപര്യടനം രാവിലെ എട്ട് മണിക്ക് അയ്യൻകാളി ഹാളിന് മുന്നിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാർ ഉദ്‌ഘാടനം ചെയ്തു.വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന കേശവദാസപുരം ഏര്യയിലെ വാഹന പര്യടനം മരപ്പാലത്ത് നിന്ന് പി.സി ജോർജ് ഉദ്ഘാടനം ചെയ്യും.പരുത്തിപ്പാറയിലാണ് ഇന്നത്തെ പ്രചാരണത്തിന്റെ സമാപനം.കുമ്മനം രാജശേഖരൻ,ഒ.രാജഗോപാൽ,ജെ.ആർ.പദ്മകുമാർ അടക്കമുളള വിവിധ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും.