തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ അദാലത്തിലെ നിർദ്ദേശപ്രകാരം തോറ്റ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് നൽകിയതിന് പിന്നാലെ, ബി.എസ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് പ്രത്യേക മോഡറേഷനായി നൽകാനുള്ള എം.ജി സർവകലാശാലയുടെ തീരുമാനവും വിവാദത്തിൽ. സർവകലാശാല സിൻഡിക്കേറ്റിന്റെ ശുപാർശ അംഗീകരിച്ച് പരീക്ഷാ കൺട്രോളർ ഉത്തരവുമിറക്കി.
2008ലും 2009ലും സർവകലാശാലയ്ക്ക് കീഴിൽ ആരംഭിച്ച ബി.എസ്സി നഴ്സിംഗ് കോഴ്സ് വിദ്യാർത്ഥികളിൽ തോറ്റവർക്കാണ് മോഡറേഷൻ നൽകുക. മേഴ്സി ചാൻസ് നൽകിയപ്പോൾ ഒന്നോ രണ്ടോ വിഷയങ്ങൾക്ക് കുറേ പേർ തോറ്റിരുന്നു. ഇവർക്കാണ് അഞ്ച് മാർക്ക് മോഡറേഷൻ നൽകാൻ സിൻഡിക്കറ്റ് യോഗം നിർദ്ദേശിച്ചത്.
2010 ൽ ആരോഗ്യ സർവകലാശാല രൂപീകരിച്ചതോടെ ബി.എസ്സി നഴ്സിംഗ് കോഴ്സുകളുടെ നടത്തിപ്പ് അവർക്ക് കൈമാറിയിരുന്നു. എന്നാൽ 2010ൽ തുടങ്ങിയ കോഴ്സുകളുടെ നടത്തിപ്പ് മാത്രമാണ് ആരോഗ്യ സർവകലാശാലയ്ക്കുള്ളത്. 2010ന് മുമ്പ് കോഴ്സ് പൂർത്തിയാക്കിയവരുടെ പരീക്ഷ ചുമതല എം.ജി സർവകലാശാലയ്ക്കാണ്. ഈ പരീക്ഷകളിൽ തോറ്റവർക്കാണ് മാർക്ക് ദാനം.