workers

തിരുവനന്തപുരം: ഓൺലൈനിൽ ഓർഡർ ചെയ്താൽ വൈകാതെ വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കുന്ന ഭക്ഷ്യവിതരണ ശൃംഖലകൾ നാട്ടിൽ വൻഹിറ്റാണ്. എന്നാൽ, അതേ മാതൃകയിൽ വിവിധതരം ജോലികൾക്കായി തൊഴിലാളികളെ ഓൺലൈൻവഴി ബുക്ക് ചെയ്യാനായാലോ,​ അവർ വൈകാതെ ജോലി ചെയ്യേണ്ട സ്ഥലത്ത് എത്തിയാലോ..! അതിനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന തൊഴിൽവകുപ്പ്. വ്യാവസായിക ആവശ്യമോ, ഗാർഹിക ആവശ്യമോ.. എന്തുമാകട്ടെ തൊഴിൽവകുപ്പിന്റെ മൊബൈൽ ആപ്പ് വഴി തൊഴിലാളികളെ തേടാം. തെങ്ങുകയറ്റത്തിനോ എ.സി നന്നാക്കാനോ ഏത് ജോലിക്കും ഈ ആപ്പിൽ പരതിയാൽ തൊഴിലാളി റെഡി. തൊഴിലന്വേഷകർക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

തെങ്ങുകയറ്റം, പ്ളംബിംഗ്, ഡ്രൈവിംഗ്, ഇല‌ക്‌ട്രീഷ്യൻ, ബ്യൂട്ടീഷ്യൻ, ഡേ കെയർ, ഗാർഡനർ തുടങ്ങി 24 തൊഴിൽ മേഖലകളുണ്ട് ഈ ആപ്പിൽ. തൊഴിലാളികളെ ആവശ്യമുള്ളവർക്കും തൊഴിലന്വേഷകർക്കും പ്രത്യേക ഇടമാണ് ആപ്പിൽ നൽകിയിരിക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സർക്കാർ സംരംഭം. തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസിനാണ് യൂബർ മോഡലിലുള്ള ഈ ആപ്പിന്റെ മേൽനോട്ട ചുമതല. വ്യവസായ പരിശീലന വകുപ്പുമായും കുടുംബ ശ്രീയുമായും സഹകരിച്ചാണ് പദ്ധതി. തൊഴിലന്വേഷകർക്ക് ഇടനിലക്കാരില്ലാതെ സ്വന്തമായി തൊഴിൽ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. രക്‌ത പരിശോധന ഉൾപ്പടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളും ഇതിലൂടെ ലഭിക്കും.

ആപ്പിന്റെ സേവനം

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നാണ് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിന്റെ ഡൗൺലോഡിംഗ് പ്രക്രിയ ആരംഭിക്കുന്നത്. അടിസ്ഥാന വിവരങ്ങളും മൊബൈൽ നമ്പറും നൽകി വൺടൈം പാസ് വേർഡും കൊടുത്താൽ ആപ്പിലേക്ക് ലോഗിൻ ചെയ്യാം. തൊഴിലന്വേഷകർക്കും തൊഴിലാളികളെ ആവശ്യമുളളവർക്കും വെവ്വേറെയാണ് രജിസ്ട്രേഷൻ.

തൊഴിലന്വേഷകർ ആപ്പ് രജിസ്ട്രേഷനായി സേവനത്തിന് വേണ്ട ഫീസ് വിവരം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, തിരിച്ചറിയൽ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യണം. തൊഴിലാളികൾ സേവനത്തിന് ഈടാക്കുന്ന ഫീസും മുൻപരിചയവും നോക്കി ഉപഭോക്‌താക്കൾക്ക് ആവശ്യക്കാരെ തിരഞ്ഞെടുക്കാം. സേവന മികവ് കണക്കിലെടുത്ത് തൊഴിലാളിക്ക് റേറ്റിംഗ് നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. കൂടുതൽ റേറ്റിംഗ് ലഭിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ആപ്പ് വഴി ലഭിക്കും. സംസ്ഥാനത്ത് തെങ്ങുകയറ്റത്തിന് ഉൾപ്പെടെ ആളെകിട്ടാൻ ബുദ്ധിമുട്ടാണ്. അതേസമയം തൊഴിലാളികൾ ജോലി അന്വേഷിച്ച് നടക്കുന്നുമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് വിഭാഗക്കാരേയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചതെന്ന് തൊഴിൽവകുപ്പ് അധികൃതർ പറയുന്നു.

പരീക്ഷണം തലസ്ഥാനത്ത്

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ആപ്പിന്റെ സേവനം ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. തലസ്ഥാനത്തെ പ്രവർത്തനം വിലയിരുത്തി മൂന്നുമാസത്തിന് ശേഷമാവും മറ്റ് ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ നിന്ന് പഠിച്ചിറങ്ങി സ്വയം തൊഴിൽ ചെയ്യാൻ പര്യാപ്‌തരായവരെയാണ് ആപ്പിലൂടെ തൊഴിൽ വകുപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ജില്ലയിൽ ഇതുവരെ അമ്പതു പേർ ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തൊഴിലാളികളിലേക്ക് ഇക്കാര്യം എത്തിച്ച് അവരെ ആപ്പിലേക്ക് എത്തിക്കാനുള്ള നടപടികളും തൊഴിൽ വകുപ്പ് സ്വീകരിക്കുന്നുണ്ട്. ഇതിനായി റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. തലസ്ഥാന ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതുവരെ ആപ്പിൽ രജിസ്‌ട്രേഷൻ നടത്തിയ 1800 തൊഴിലാളികളിൽ മുഴുവൻ വിവരങ്ങളും അപ്‌ലോഡ് ചെയ്തിരിക്കുന്നത് 600 പേരാണ്. രജി‌സ്റ്റർ ചെയ്യുന്നവരെല്ലാം യഥാർത്ഥ തൊഴിലാളികളാണോ എന്നതാണ് തൊഴിൽ വകുപ്പിനെ കുഴയ്‌ക്കുന്ന പ്രധാന പ്രശ്നം. ഇത് പരിഹരിക്കാൻ രജി‌സ്റ്റർ ചെയ്യുന്ന തൊഴിലാളികൾ അവരുടെ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി രജി‌സ്ട്രഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണമെന്നാണ് വകുപ്പിന്റെ നിർദേശം.

ഇത്തരത്തിൽ സാക്ഷ്യപത്രം നൽകാൻ ജനപ്രതിനിധികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തൊഴിൽ വകുപ്പ് സർക്കുലർ അയച്ചിട്ടുണ്ട്.

കേരളത്തിന്റെ ചുവടുപിടിച്ച് പദ്ധതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കർണാടക സർക്കാരും കടന്നുകഴിഞ്ഞു. ജനുവരിയോടെ കർണാടകയിലും സ്‌കിൽ രജിസ്ട‌്രി മൊബൈൽ ആപ്പ് നിലവിൽ വരും.