gift

പക്ഷികൾക്ക് തീറ്റകൊടുക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ, അവ മടങ്ങിയെത്തി നിങ്ങൾക്ക് എന്തെങ്കിലും സമ്മാനം നൽകിയിട്ടുണ്ടോ? എന്നാൽ, കേട്ടോളൂ.. അങ്ങനെയൊരു സംഭവമുണ്ട്, അങ്ങ് അമേരിക്കയിൽ. അവിടെ സിയാറ്റിലിൽ താമസിക്കുന്ന 12 വയസുകാരിയായ ഗാബി മൻ എന്ന പെൺകുട്ടിക്ക് കാക്കകൾ സമ്മാനം നൽകാറുണ്ട്! 2011ലാണ് ഗാബി കാക്കകൾക്ക് തീറ്റകൊടുക്കുന്നത് തന്റെ ദിനചര്യയാക്കി മാറ്റിയത്. അന്നുമുതൽ അവ ഗാബിയ്‌ക്ക് ചില സമ്മാനങ്ങളും തിരികെ നൽകി തുടങ്ങി.

തനിക്ക് ലഭിച്ച സമ്മാനങ്ങളെല്ലാം ഗാബി പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ഓരോ സമ്മാനത്തിനൊപ്പം അത് ലഭിച്ച സമയവും തീയതിയും ഗാബി രേഖപ്പെടുത്തിയിട്ടുമുണ്ട്. ആ സമ്മാനങ്ങൾ എന്തൊക്കൊയെന്നല്ലേ.. പൊട്ടിയ ബൾബ്, കളിപ്പാട്ട കഷ്‌‌ണങ്ങൾ, മുത്തുമണികൾ, ബട്ടണുകൾ, പേപ്പർ ക്ലിപ്പുകൾ, റബർ കഷ്‌‌ണങ്ങൾ അങ്ങനെ പലതും. വെള്ള നിറത്തിലെ ഹൃദയാകൃതിയിലുള്ള വസ്‌തുവാണ് ഇക്കൂട്ടത്തിൽ ഗാബിയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ടത്.

യാദൃച്ഛികമായാണ് ഗാബി കാക്കകൾക്ക് തീറ്റകൊടുക്കാൻ തുടങ്ങിയത്. ആഹാരം ആരും കാണാതെ കൊണ്ടുകളയുന്നതിനിടെ അബദ്ധത്തിൽ അത് ഗാബിയുടെ കൈയിൽ നിന്നും താഴെ വീണു. ഇത് ശ്രദ്ധയിൽപ്പെട്ട കാക്കകൾ കൂട്ടത്തോടെ അവിടെയെത്തി. ഇതുകണ്ട ഗാബി കാക്കകൾക്ക് ആഹാരം കൊടുക്കുന്നത് പതിവാക്കി. സ്‌കൂളിൽ പോയി തിരിച്ചെത്തിയാൽ ഉടൻ ഗാബി കാക്കകൾക്ക് ആഹാരം നൽകുമായിരുന്നു. കുറച്ച് നാളുകൾക്കുള്ളിൽ കാക്കകൾ ഗാബി വരുന്നതും കാത്ത് നില്‌പായി.

സഹോദരനും അമ്മയും ഗാബിയ്ക്കൊപ്പം കൂടാറുണ്ട്. വീട്ടിലെ പൂന്തോട്ടത്തിൽ ഇതിനായി പ്രത്യേക സൗകര്യവും ഒരുക്കി. ആവശ്യമായ ജലം പാത്രത്തിൽ സ്ഥാപിച്ചു. അവയ്ക്ക് കഴിക്കാൻ കടലകളും മറ്റ് ധാന്യങ്ങളും വിതറി. പിന്നാലെ കാക്കക്കൂട്ടങ്ങൾ അവിടെ എത്തും. ഇതെല്ലാം കഴിച്ച് എന്തെങ്കിലും ഒരു സമ്മാനം അവിടെ വച്ചിട്ടായിരിക്കും അവ മടങ്ങുന്നത്. തിളക്കമുള്ളതും തങ്ങളുടെ കൊക്കിലൊതുങ്ങത്തക്ക വിധം വലിപ്പവുമുള്ള വസ്‌തുക്കളായിരിക്കും സാധാരണയായി കാക്കക്കൂട്ടം എത്തിക്കുന്നത്. കുഞ്ഞ് കമ്മലുകൾ മുതൽ ചെറു ലോഹക്കഷ്‌‌ണങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്.

നന്നായി പരിചരിച്ചാൽ കാക്കകൾക്ക് മനുഷ്യനുമായി ഇണങ്ങാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, എല്ലാവർക്കും ഗാബിയെ പോലെ സമ്മാനങ്ങൾ ലഭിക്കണമെന്നില്ല. ചിലപ്പോൾ തിളങ്ങുന്ന വസ്‌തുക്കൾക്ക് പകരം ചത്ത പക്ഷിക്കുഞ്ഞുങ്ങൾ പോലുള്ള വിചിത്ര സമ്മാനങ്ങളും അവരിൽ നിന്നും ലഭിച്ചേക്കാമെന്നും ചില ഗവേഷകർ പറയുന്നു. ഗാബി‌യ്‌ക്കും ഇത്തരത്തിലുള്ള സമ്മാനം കിട്ടിയിട്ടുണ്ട്. ഞണ്ടിന്റെ കാലായിരുന്നു അത്..!