തിരുവനന്തപുരം: നാടിളക്കിയുള്ള പ്രചാരണകോലാഹലം, വോട്ടർമാരുടെ മുഖതാവിലേക്ക് മത്സരിച്ചെത്താനുള്ള കൂട്ടയോട്ടം, പൊ
തുയോഗങ്ങളിലെ നേതാക്കന്മാരുടെ പ്രസംഗപൂരം...പുറമേ നോക്കുമ്പോൾ ഇതെല്ലാമാണ് പ്രസ്റ്റീജ് മണ്ഡലമായ വട്ടിയൂർക്കാവിലെ രാഷ്ട്രീയസ്ഥിതി. പക്ഷേ മണ്ഡലത്തിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങുമ്പോളറിയാം, കനൽക്കട്ടയ്ക്ക് മുകളിൽ എരിപൊരികൊള്ളുകയാണ് മുഖ്യസ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചുമതലക്കാരും.
എല്ലാം എളുപ്പത്തിൽ കൈപ്പിടിയിലൊതുങ്ങുമെന്ന് ധരിച്ചവർക്കെല്ലാം ബോദ്ധ്യമായി, കാര്യങ്ങൾ അത്ര സുഗമമല്ലെന്ന്. അതുകൊണ്ട് തന്നെ ഇനിയുള്ള നാലു ദിവസങ്ങൾ ഇരിക്കപ്പൊറുതിയില്ലാത്ത പരക്കംപാച്ചിലിനുള്ള തത്രപ്പാടിലാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികളും നേതാക്കളും. സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള അന്വേഷണമുന തിരുവനന്തപുരം നഗരസഭാ അദ്ധ്യക്ഷൻ വി.കെ. പ്രശാന്തിലേക്ക് എത്തിയപ്പോൾ ഇടത് അനുഭാവികളും പ്രാദേശിക നേതാക്കളും ഉള്ളിൽ കുളിരുകോരി. നഗരവാസികൾക്ക് പ്രിയങ്കരനും സൗമ്യനും ആരോപണങ്ങൾക്ക് അതീതനുമായ സ്ഥാനാർത്ഥി എന്നതിനാൽ വിജയം തങ്ങളിലേക്കു തന്നെ. പക്ഷേ അടുത്ത ഘട്ടത്തിൽ മണ്ഡലത്തിലുണ്ടായ ചില 'രാഷ്ട്രീയമാറ്റങ്ങൾ' അന്തരീക്ഷം മാറ്റിമറിച്ചു. വട്ടിയൂർക്കാവിലെ മത്സരത്തിന് പുതിയ മാനങ്ങളും ചൂടും ചൂരും കൊണ്ടുവന്നതും ഈ മാറിമറിയലുകളാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആദ്യം ഒരാളെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിക്കുകയും മണ്ഡലത്തിൽ നിന്നു തന്നെ ഉയർന്ന എതിർപ്പിന്റെ അടിസ്ഥാനത്തിൽ മറ്റൊരാൾ ആ സ്ഥാനത്ത് എത്തുകയും ചെയ്തത് മറ്രൊരു മാറിമറിയലായി. വട്ടിയൂർക്കാവ് മണ്ഡലമുൾപ്പെട്ട ഭാഗങ്ങളെ മുമ്പ് നിയമസഭയിൽ പ്രതിനിധീകരിക്കുകയും സിവിൽ സ്റ്റേഷൻ നിർമ്മാണമടക്കമുള്ള വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത കെ. മോഹൻകുമാർ സ്ഥാനാർത്ഥിയായതോടെ ശരിക്കൊന്ന് പൊരുതാമെന്ന ആത്മവിശ്വാസത്തിലായി യു.ഡി.എഫ് പ്രവർത്തകരും. കുമ്മനത്തെ സർവാത്മനാ സ്വാഗതം ചെയ്യാൻ തയ്യാറെടുത്തു നിന്ന ബി.ജെ.പി പ്രവർത്തകർക്കിടയിലേക്ക് പാർട്ടി നേതൃത്വം എത്തിച്ചത് ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെയാണ്. അതും മറ്റൊരു മാറിമറിയലായി.
മണ്ഡലത്തിന്റെ വികസനകാര്യങ്ങളിലും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളിലും തുടങ്ങിയ തിരഞ്ഞെടുപ്പു പ്രചാരണം ആദ്യഘട്ടം കഴിഞ്ഞതോടെ മെല്ലെ ശബരിമലയിലേക്ക് തിരിഞ്ഞതാണ് വീണ്ടും വഴിത്തിരിവായത്. തുടക്കത്തിൽ കാര്യമായി വിഷയം സ്പർശിക്കാൻ എൽ.ഡി.എഫ് നേതൃത്വം തയ്യാറായില്ലെങ്കിലും യു.ഡി.എഫും ബി.ജെ.പിയും ശബരിമലയിൽ മാലയിട്ട് കയറിയതോടെ എൽ.ഡി.എഫും വിശ്വാസികളുടെ മനസിളക്കാനുള്ള തന്ത്രങ്ങൾ തുടങ്ങി.
വട്ടിയൂർക്കാവിൽ നിർണായക സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന എൻ.എസ്.എസ് ഒരു പ്രത്യേക നിലപാട് പ്രഖ്യാപിച്ചതോടെയാണ് ഒടുവിലെ മാറിമറിയൽ വരുന്നത്. എൻ.എസ്.എസ് നിലപാട് തങ്ങൾക്കാണ് ഗുണകരമാവുകയെന്ന് കോൺഗ്രസും ബി.ജെ.പിയും ഒരു പോലെ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ ആദ്യം വ്യക്തമായി പ്രതികരിക്കാതെ നിന്ന സി.പി.എം നേതൃത്വം ക്രമേണ അധികം കടുപ്പിക്കാതെയാണെങ്കിലും എൻ.എസ്.എസ് നിലപാടിനെതിരെ രംഗത്ത് വന്നു.
തന്ത്രങ്ങളും മറുതന്ത്രങ്ങളും
ഇത്രയുമൊക്കെ ആയതോടെയാണ് മൂന്ന് മുന്നണികളും പ്രചാരണ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടിയത്. പരമാവധി സമ്മതിദായകരെ നേരിൽ കണ്ട് വോട്ട് ചോദിക്കുക എന്നത് മുഖ്യഅജൻഡയാക്കി. കഴിയുന്നത്ര നേതാക്കളുമായുള്ള ഗൃഹസന്ദർശനമാണ് അടുത്ത അടവായി മൂവരും സ്വീകരിച്ചത്. ഇതിന് പുറമെയുള്ള ഹോംവർക്കാണ് എൽ.ഡി.എഫ് ചെയ്യുന്നത്. പരമാവധി ഇടത് അനുകൂലികളെയും ബൂത്തിലെത്തിക്കാനുള്ള താഴേതട്ടിലെ ശ്രമങ്ങൾ അവർ തുടങ്ങി.സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധങ്ങളും മണ്ഡലത്തിലെ സ്വാധീനവും എങ്ങനെയും ഉപയോഗിക്കുകയാണ് യു.ഡി.എഫ് തന്ത്രം. കഴിയുന്നത്ര ഭവനങ്ങൾ സന്ദർശിക്കാനുള്ള സ്ക്വാഡുകളും രംഗത്തുണ്ട്. ശബരിമലവിഷയവും നന്നായി പ്രചരിപ്പിക്കുന്നുണ്ട്. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള കുമ്മനം രാജശേഖരനെ മുൻനിറുത്തിയാണ് ബി.ജെ.പി നീക്കങ്ങൾ. മണ്ഡലം നിറഞ്ഞുനിൽക്കാൻ സ്ഥാനാർത്ഥി സുരേഷ് ബദ്ധശ്രദ്ധനാണ്. വനിതകളടക്കമുള്ളവരുടെ വലിയ നിരയാണ് വീടുകൾ കയറിയിറങ്ങാനുള്ളത്. പ്രമുഖ നേതാക്കളുടെ വൻ പട തന്നെ വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ വന്നുപോയി. ഇടതുപക്ഷത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമടക്കമുള്ള പ്രമുഖരും എത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി വിവിധ ഘടകകക്ഷി നേതാക്കളാണ് യു.ഡി.എഫ് യോഗങ്ങൾക്കെത്തിയത്. കുമ്മനത്തിന് പുറമെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, സുരേഷ് ഗോപി എം.പി തുടങ്ങിയവർ ബി.ജെ.പി പ്രചാരണയോഗങ്ങളെ കൊഴുപ്പിച്ചു. മോഹൻകുമാറിന്റെ മണ്ഡലപര്യടനം ഇന്ന് അവസാനിക്കും. നാളെ എ.കെ. ആന്റണി എത്തുന്നുണ്ട്. പ്രശാന്തിന്റെയും സുരേഷിന്റെയും മണ്ഡലപര്യടനം നാളെയാണ് സമാപിക്കുക.