എം .ജി സർവകലാശാലയിൽ നടന്ന മാർക്ക് ദാനവുമായി ബന്ധപ്പെട്ട വാർത്തകൾ സർവകലാശാലയ്ക്കോ വിദ്യാഭ്യാസ വകുപ്പിനോ ഒട്ടും തന്നെ അഭിമാനകരമല്ല. ഇഷ്ടക്കാരെ ജയിപ്പിക്കാൻ ക്രമവിരുദ്ധമായി ചെയ്യുന്ന ഏതു നടപടിയും അവമതിയുളവാക്കും. മാർക്ക് ദാനത്തിനായി മേള തന്നെ സംഘടിപ്പിച്ച സർവകലാശാല നേരായ മാർഗത്തിൽ പഠിച്ചു പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും അക്ഷരാർത്ഥത്തിൽ അപമാനിച്ചിരിക്കുകയാണ്. പഠന നിലവാരം കർക്കശമായി നിലനിറുത്തേണ്ട ബി.ടെക് പരീക്ഷയിലാണ് ഞെട്ടിക്കുന്ന മാർക്ക് ദാനം നടന്നിരിക്കുന്നത്. അംഗീകൃത നടപടിക്രമങ്ങൾക്കു വിരുദ്ധമായി നടന്ന ഈ മാർക്ക് ദാനം വഴി 140 കുട്ടികൾ എൻജിനിയർമാരായി ഇറങ്ങുകയാണ്. സെമസ്റ്റർ പരീക്ഷയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ തോറ്റ കുട്ടികളെ അഞ്ച് മാർക്ക് നൽകി ജയിപ്പിക്കാനുള്ള തീരുമാനത്തിന്റെ മറവിലാണ് ഇത്രയധികം പേർ കടന്നുകൂടിയത്.
പരീക്ഷാഫലം തയ്യാറാവുന്ന ഘട്ടത്തിൽ മോഡറേഷൻ നൽകുന്ന സമ്പ്രദായം നേരത്തെ തന്നെ ഉള്ളതാണ്. എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് മോഡറേഷനു പുറമെ അഞ്ച് മാർക്ക് കൂടി അനുവദിക്കാൻ കാരുണ്യപൂർവം തയ്യാറായി. ഒരു വിഷയത്തിന് ഒരു മാർക്കിനു തോറ്റ ഒരു വിദ്യാർത്ഥിനി സർവകലാശാലയുടെ കരുണ തേടി സമർപ്പിച്ച അപേക്ഷ പരിഗണിച്ച സിൻഡിക്കേറ്റ് ഇത് മുതലെടുത്ത് ധാരാളം കുട്ടികൾക്ക് ജയിക്കാൻ അവസരം ഒരുക്കുകയായിരുന്നു. അപേക്ഷ നൽകിയ വിദ്യാർത്ഥിനി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഒരു സിൻഡിക്കേറ്റ് അംഗത്തിന്റെയും നാട്ടുകാരിയും പരിചയത്തിലുള്ള വ്യക്തിയുമാണെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. മാർക്ക് ദാനത്തെ വലിയ വിവാദത്തിലേക്ക് ഉയർത്തിയതും സ്വജനപക്ഷപാതമെന്നു സംശയിക്കാവുന്ന ഈ പൊരുത്തമാണ്. ഫയൽ തീർപ്പാക്കൽ മേള മാർക്ക് ദാന മേളയായി പരിണമിച്ചതിനു പിന്നിൽ കേൾക്കുന്ന കഥകൾ ഒട്ടും തന്നെ സുഖകരമല്ല. മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആക്ഷേപമാകട്ടെ അതീവ ഗൗരവ സ്വഭാവമുള്ളതുമാണ്. ഒരു വിഷയത്തിനു തോറ്റതിന്റെ പേരിൽ കാമ്പസ് പ്ളേസ്‌മെന്റ് നഷ്ടമാകാനിടയുള്ള കുട്ടിയുടെ ഭാവിക്കു വേണ്ടിയാണ് മാർക്ക് ദാനം നടത്തിയതെന്ന ഒരു വിശദീകരണം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഉന്നത നിലയിൽ വിജയം വരിച്ച അനവധി വിദ്യാർത്ഥികൾ ഒരിടത്തും പ്ളേസ്‌മെന്റ് ലഭിക്കാതെ വിഷണ്ണരായി നിൽക്കുമ്പോഴാണ് തോറ്റവർക്ക് മാർക്ക് കൂട്ടിയിട്ട് സഹായിക്കാൻ നോക്കിയതാണെന്ന ന്യായീകരണവുമായി സർവകലാശാലയും മന്ത്രിയും എത്തുന്നത്. അവിശ്വസനീയമായ ഈ കഥ വിശ്വസിക്കാൻ അധികം പേരെ കിട്ടില്ല.
എൻജിനിയറിംഗ് പഠന നിലവാരം ഉയർത്താൻ വേണ്ടി രൂപീകൃതമായ സാങ്കേതിക സർവകലാശാലയും പ്രത്യേക മോഡറേഷനിലൂടെ കൂടുതൽ കുട്ടികളെ വിജയിപ്പിക്കാൻ ഒരുങ്ങുകയാണ്. അഞ്ച് മാർക്ക് വരെ പ്രത്യേക മോഡറേഷൻ നൽകാനാണ് ആലോചന. അക്കാഡമിക് കൗൺസിൽ കൂടി അംഗീകരിച്ചാൽ ശുപാർശ നടപ്പാകുമത്രെ. കേരള, കോഴിക്കോട് സർവകലാശാലകളിൽ ഇതുപോലുള്ള പ്രത്യേക മോഡറേഷൻ നിലവിലുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് സാങ്കേതിക സർവകലാശാലയും നീങ്ങുന്നത്. 2018 മുതൽ ചുരുക്കം ചിലവ ഒഴികെ മറ്റ് എൻജിനിയറിംഗ് കോളേജുകൾ സാങ്കേതിക സർവകലാശാലയ്ക്കു കീഴിലാണ്. എൻജിനിയറിംഗ് പരീക്ഷ എഴുതുന്നവരിൽ മുപ്പതു ശതമാനത്തിലേറെപ്പേർ പരാജയപ്പെടുന്നുവെന്നാണ് കണക്ക്. വിജയ ശതമാനം ഉയർത്താനുള്ള കുറുക്കുവഴികളിലൊന്നാണ് മോഡറേഷൻ. സെമസ്റ്ററുകൾ പല കാരണങ്ങളാൽ നീണ്ടുപോവുകയോ ചുരുങ്ങുകയോ ചെയ്യുന്നത് പഠന നിലവാരത്തെ ബാധിക്കാറുണ്ട്. പല കോളേജുകളും പ്രത്യേകിച്ച് സ്വാശ്രയ കോളേജുകൾ പഠന നിലവാരത്തിൽ ഏറെ പിന്നിലാണ്. വിജയ ശതമാനം ഏറ്റവും കുറഞ്ഞു കാണുന്നതും ഇത്തരം കോളേജുകളിലാണ്. നിലവാരമില്ലാത്ത കോളേജുകൾ അടച്ചുപൂട്ടുകയാണു വേണ്ടതെന്ന് ഉന്നത നീതിപീഠം അടക്കം പലരും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ അതു വേണ്ടിവരില്ലെന്നാണ് ഓരോ വർഷത്തെയും പ്രവേശനം പരിശോധിച്ചാൽ ബോദ്ധ്യമാവുക.
എൻജിനിയറിംഗ് സീറ്റുകളിൽ പകുതിയും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണിപ്പോൾ. കോളേജുകൾ നടത്തിക്കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ അടച്ചുപൂട്ടാനുള്ള അനുമതി തേടി സർക്കാരിനെ സമീപിക്കുന്ന മാനേജ്‌മെന്റുകളുടെ സംഖ്യയും കൂടിവരുന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് മാർക്ക് ദാന വിവാദവും. തോറ്റാലും ജയിച്ചു കടന്നുകൂടാൻ മാർഗമുണ്ടെന്നു വരുന്നത് എൻജിനിയറിംഗ് വിദ്യാഭ്യാസ നിലവാരം കൂടുതൽ ഇടിയാൻ കാരണമാകും. പഠിപ്പിക്കാനറിയാത്ത അദ്ധ്യാപകരും മൂല്യനിർണയത്തിൽ വീഴ്ച കാട്ടുന്നവരും കുട്ടികളുടെ ഭാവിയെക്കുറിച്ചു തെല്ലും ചിന്തയില്ലാതെയാണ് പെരുമാറുന്നത്. നല്ല എൻജിനിയർമാരെ വാർത്തെടുക്കാൻ നിലവിൽ വന്ന സാങ്കേതിക സർവകലാശാലയും സഹോദര സർവകലാശാലകളെപ്പോലെ കെട്ടഴിഞ്ഞാണു നീങ്ങുന്നതെങ്കിൽ കുട്ടികളുടെ നിർഭാഗ്യം എന്നേ പറയാനുള്ളൂ.