pregnant
pregnant

തിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെയും മെ​റ്റേണി​റ്റി ബെനിഫി​റ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇതോടെ, 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള പ്രസവാവധിക്കും ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ അനുവദിക്കുന്ന1000 രൂപയ്‌ക്കും ഇവരും അർഹരാവും. ഈ ആനുകൂല്യം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവും കേരളം.

ആഗസ്​റ്റ് 29 ന് ചേർന്ന മന്ത്റിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചത്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് വനിതകൾക്ക് ഈ ആനുകൂല്യം കൈവരുന്നത്.