തിരുവനന്തപുരം: സർവകലാശാലാ പരീക്ഷകളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിക്ക് എതിരെയുയർന്ന ആരോപണങ്ങളിൽ സമഗ്ര അന്വേഷണം വേണം. അദാലത്തുകൾ വഴി മാർക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങളെടുത്തതിന് ഒരു ന്യായീകരണവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അദാലത്തിൽ ഇത്തരം തീരുമാനമെടുത്തത് എന്തു മാനദണ്ഡം അനുസരിച്ചാണെന്ന് മന്ത്രി വിശദമാക്കണം. നിയമവിരുദ്ധ നടപടികളെ മാനുഷിക പരിഗണന ചൂണ്ടിക്കാട്ടിയാണ് മന്ത്രി ന്യായീകരിക്കുന്നത്. മാർക്ക് ദാനം ചെയ്തല്ല മാനുഷിക പരിഗണന പ്രകടിപ്പിക്കേണ്ടത്.
മാർക്ക് ദാനം സംബന്ധിച്ച ആരോപണം പ്രതിപക്ഷ നേതാവ് ആദ്യം ഉന്നയിച്ചപ്പോൾ അദാലത്തിൽ അത്തരമൊരു തീരുമാനം എടുത്തില്ലെന്നായിരുന്നു മന്ത്രിയും സർവകലാശാലാ വി.സിയും പറഞ്ഞത്. ഇതു തെറ്റെന്ന് വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്തു വന്നതോടെ ഇരുവരുടെയും കള്ളക്കളി പുറത്തായി. സർവകലാശാലയുടെ സ്വയംഭരണ അവകാശത്തിലും ഭരണനിർവഹണത്തിലും കൈകടത്താൻ വിദ്യാഭ്യാസമന്ത്രിക്ക് അവകാശമില്ല. സർവകലാശാലയുടേയും പി.എസ്.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും വിശ്വാസ്യത എൽ.ഡി.എഫ് സർക്കാർ പൂർണമായും തകർത്തെന്നും മുല്ലപ്പള്ളി പറഞ്ഞു.