malayinkil

മലയിൻകീഴ്: ഈ യാത്ര തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ ദിവസം മനുവിന്റെ വിവാഹ നിശ്ചയമായിരുന്നു. അപ്പോഴും അനുജത്തിയെ എടുത്തുകൊണ്ടാണ് എത്തിയത്. അതിൽ പങ്കെടുത്ത ആരോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വാട്സ് ആപ്പിലിട്ടു. മിനിട്ടുകൾക്കുള്ളിൽ അത് വൈറലായി. ഇപ്പോൾ സാമൂഹമാദ്ധ്യമങ്ങളിലെ സ്നേഹതാരങ്ങളാണ് ആട്ടോ ഡ്രൈവറായ മനുവും ജന്മനാ അരയ്ക്കുതാഴെ തളർന്നുപോയ മീനുവും.

വാടകവീട്ടിലെ ഒറ്റമുറിയിൽ പുസ്തകങ്ങളും തത്തയുമാണ് മീനുവിന്റെ കൂട്ടുകാർ. അതിനപ്പുറത്തേക്ക് നീങ്ങണമെങ്കിൽ ജ്യേഷ്ഠൻ വേണം. ജ്യേഷ്ഠന്റെ ഒക്കത്തിരുന്ന് ഈ ഭൂമിയുടെ അറ്റംവരെ പോകണം. അതാണ് മീനുവിന്റെ സ്വപ്നവും സ്വർഗവും.
വിളപ്പിൽശാല പുളിയറക്കോണം കൂരുവിള വീട്ടിൽ ഹരീന്ദ്രൻനായരുടെയും രമാദേവിയുടെയും മക്കളാണ് മനുവും (32) മീനുവും (28). ജന്മനാ ചലനശേഷി ഇല്ലാത്ത കുഞ്ഞിന് ഏറെ ചികിത്സകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് അനുജത്തിയെ എടുത്തുകൊണ്ടുള്ള ഈ നടപ്പ്. ഹൃദയവാൽവുകളുടെ തകരാർ, കേൾവി ശക്തിയില്ലായ്മ, മുതുകിൽനിന്ന് നീക്കം ചെയ്യാനാകാത്ത മുഴ എന്നിവയും മീനുവിനൊപ്പമുണ്ട്. ഏറെ സമയവും ചക്രക്കസേരയിലാണ് ജീവിതമെങ്കിലും കണ്ണിലെ കൃഷ്ണമണി പോലെയാണ് ജ്യേഷ്ഠൻ അനുജത്തിയെ കൊണ്ടുനടക്കുന്നത്. ഭാരമല്ല, പ്രാണനാണ് മനുവിന് മീനു. ബന്ധുവീടുകളിലും ചടങ്ങുകൾക്കും പോകുമ്പോൾ മനുവിന്റെ ഒക്കത്ത്‌ മീനുവും ഉണ്ടാവും.

അച്ഛൻ ഹരീന്ദ്രൻനായർ ഹൃദയാഘാതത്തെ തുടർന്ന് എട്ട് വർഷം മുൻപ് മരിച്ചതോടെ കുടുംബഭാരവും മനുവിന്റെ ചുമലിലായി. മാതാവ് രമാദേവി സമീപത്തെ ക്ഷേത്രത്തിൽ അടിച്ചുതളി ജോലി ചെയ്ത് കിട്ടുന്നതുകൂടിയാവുമ്പോൾ അല്ലലില്ലാതെ ജീവിക്കാം. എന്നിട്ടും മനു വിവാഹം കഴിക്കാതിരുന്നു. അതെന്താ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. ''ഞാനും അമ്മയും ജോലിക്കുപോകുമ്പോൾ മീനുവിന് കൂട്ടാവുന്ന പെൺകുട്ടിയാവണം ഭാര്യ.'' ദൈവം അത് കേട്ടു. തിരുവനന്തപുരം നഗരസഭയിലെ പട്ടം വാർഡ് കൗൺസിലർ രമ്യ രമേശുമായി വിവാഹനിശ്ചയം നടന്നത് ഈ ആഗ്രഹത്തിന്റെ സഫലീകരണമായാണ് മനു കരുതുന്നത്. വിഭിന്ന ജാതിയിൽപ്പെട്ടവരാണ് ഇരുവരും. ഡിസംബർ 12ന് നടക്കുന്ന വിവാഹത്തിനും മനുവിന്റെ ഒക്കത്തിരുന്ന് മീനു എത്തും.