general

ബാലരാമപുരം : ഒാടയിലെ മലിനജലം റോഡിലേക്കും മറ്റും ഒഴുകിയിട്ടും ബാലരാമപുരത്തെ ഓടകൾ നവീകരിക്കുന്നില്ലെന്ന് ആക്ഷേപം. കൊടിനടയിൽ ഓട പൊട്ടി ഡ്രെയിനേജ് മാലിന്യം റോ‌ഡിലൂടെ ഒഴുകുകയാണ്. കുഴിവിള ടെക്സിന് സമീപം ഡ്രെയിനേജ് മാലിന്യം ഓടയിൽ കെട്ടിനിൽക്കുകയും സൗപർണിക ഗിഫ്റ്റ് ഹൗസിന് മുൻവശത്തെ ഓടയിൽ നിന്നുള്ള മലിനജലം പൊതുകിണറിലേക്ക് ഊർന്നിറങ്ങുകയും ചെയ്യുന്നു. ഇത് കാരണം പൊതുകിണ‍ർ മൂടാൻ പഞ്ചായത്ത് നീക്കം ആരംഭിച്ചിട്ടുണ്ട്. മിക്ക സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞതിനാൽ ഓടയിലേക്ക് കാൽവഴുതി വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കാട്ടാക്കട റോഡിൽ ഓടനിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടു. ടെൻഡറിംഗ് റോഡ് ഫണ്ട് അതോറിട്ടിയുടെ കീഴിൽ കോവളം,​ കാട്ടാക്കട നിയോജക മണ്ഡലത്തിൽപ്പെട്ട ബാലരാമപുരം മുതൽ കാട്ടാക്കട വരെ റോഡിനിരുവശത്തെയും ഓടകളുടെ നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇടയ്ക്കിടെ പണികൾ നടക്കുന്നുണ്ടെങ്കിലും ആക്ഷേപം നിലനിൽക്കുന്ന കോവളം നിയോജക മണ്ഡലത്തിൽപ്പെട്ട ബാലരാമപുരം - കാട്ടാക്കട റോഡ്, തേമ്പാമുട്ടം എന്നിവിടങ്ങളിൽ ഓടനവീകരണം പാതിവഴിയിലാണ്.