1

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുക,​ പി.എസ്.സിയെ തകർക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം എം.ജി റോഡിൽ വാഹനങ്ങൾ വഴിതിരിച്ച് വിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പാളയം എം.എൽ.എ ഹോസ്റ്റലിന് സമീപത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. ഇവർക്കു നേരെ പൊലീസ് ഒരു തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ അകാരണമായി ജലപീരങ്കി പ്രയോഗിച്ചെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസിന് നേരെ തള്ളിക്കയറുകയും കൊടി കെട്ടാനുപയോഗിച്ച വടിയും, ചെരിപ്പും മറ്റും വലിച്ചെറിയുകയുമായിരുന്നു. വീണ്ടും ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോയില്ല. തുടർന്ന് പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് പ്രവർത്തകർ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. ഉപരോധം അവസാനിപ്പിക്കാൻ തയ്യാറാകാഞ്ഞ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം കാണുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അറിയിച്ചു. സെക്രട്ടേറിയറ്റ് മാർച്ച് എൻ.എസ്.യു അഖിലേന്ത്യാ പ്രസിഡന്റ് നീരജ് കുന്ദൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സെക്രട്ടറി നാഗേഷ് കരിയപ്പ, സെയ്ദലി കായ്പ്പാടി, ജഷീർ പള്ളിവയൽ, നബീൽ കല്ലമ്പലം, ബാഹുൽകൃഷ്ണ, ഷബിൻഹാഷിം, മാത്തുക്കുട്ടി, യദുകൃഷ്ണൻ, ശില്പ, ശൈലേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എസ്.സു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്,​ ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പാടി എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 75 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.