road

കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ആധുനിക നിലവാരത്തിലേക്ക്. പഞ്ചായത്തിലെ ആറ് വാർഡുകളിലായി നാല് റോഡുകളാണ് ആധുനിക നിലവാരത്തിലേക്കുയരുന്നത്. നബാർഡിന്റെ 9.55 കോടി ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് 9 കിലോമീറ്റർ നീളത്തിൽ റിംഗ് റോഡ് പദ്ധതി പ്രകാരം നിർമ്മാണം പുരോഗമിക്കുന്നത്. ഇതോടെ ആയിരത്തോളം കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. വീതി കുറവും, ചെളിക്കെട്ടുമായി കിടന്നിരുന്ന റോഡുകളാണ് അഡ്വ. വി. ജോയ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പരിസ്ഥിതിക്ക് വിഘാതം സംഭാവിക്കാതെ കൃഷിയിടങ്ങളും, തണ്ണീർതടങ്ങളും സംരക്ഷിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതു കൊണ്ട് തന്നെ ജനങ്ങളുടെ പൂർണ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. തിരുവനന്തപുരം -കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്കോണം -കണ്ണമ്പാറ പദ്ധതി നടപ്പിലാക്കുന്നതിന് നിയമ പ്രകാരമുള്ള വീതി ലഭിക്കുന്നതിന് റോഡിനിരുവശവുമുള്ള ജനങ്ങൾ അവരുടെ വീടിന്റെ വരാന്തയും, മതിലുകളും ഒക്കെ പൊളിച്ചാണ് റോഡ് വികസനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കർഷകർ, പാട സമിതി പ്രവർത്തകർ, കൃഷി ഓഫീസർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തോടിനോട് ചേർന്നുള്ള ഭാഗങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏറ്റെടുത്തത്. ഈ റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരം - കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുൾപ്പെടെ റോഡുകൾ ആധുനിക നിലവാരത്തിൽ ആവുകയും യാത്ര ദുരിതം അവസാനിക്കുകയും ചെയ്യും.