ബീജിംഗ്: ഇണങ്ങിയാൽ ജീവൻ വേണമെങ്കിലും തരും. പക്ഷേ, പിണങ്ങിയാൽ ജീവനെടുക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ബന്ധുക്കളെന്നോ സുഹൃത്തുക്കളെന്നോ ഒരു വേർതിരിവുമില്ല. കൊടുംക്രൂരമായിരിക്കും കൊല്ലുക. ഏഷ്യൻ എൽചാപോ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മയക്കുമരുന്നു കച്ചവടക്കാരൻ സെ ചി ലോപ്പിന്റെ രീതിയാണിത്. ഇതുവരെ എത്രപേരെ കാലപുരിക്കയച്ചുവെന്ന് സെയ്ക്കു പോലും ഒരു തിട്ടവുമില്ല.ചൈനയിലാണ് ജനനമെങ്കിലും ജപ്പാൻ മുതൽ ന്യൂസിലൻഡുവരെ വ്യാപിച്ചുകിടക്കുന്നതാണ് സെയുടെ മയക്കുമരുന്ന് സാമ്രാജ്യം. കരുത്തരായ എതിരാളികൾ നിരവധിയുണ്ട്. പക്ഷേ, സെയ്‌ക്ക് ശല്യമാകാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. അയാളുടെ സംഘത്തിന്റെ കൊടും ക്രൂരതകൾ അറിയാവുന്നതിനാലാണിത്. കൈകാലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ അറുത്തുമാറ്റി ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് സെയുടെ ഗ്യാംഗിന്റെ ഇഷ്ടവിനോദം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചിലപ്പോൾ ഇരകൾ മരിക്കാൻ ദിവസങ്ങളെടുക്കും. ജീവനെടുക്കരുതേ എന്ന് കരഞ്ഞുപറഞ്ഞാലും മനസലിയില്ല. ഒറ്റുകാരെയാണ് കൂടുതലും ഇത്തരത്തിൽ ശിക്ഷിക്കുന്നത്.അത് സ്വന്തം സംഘത്തിലുള്ളവരാണെങ്കിൽ പറയുകയും വേണ്ട.
മയക്കുമരുന്ന് കടത്തു തടയാൻ അധികൃതർ സ്വീകരിക്കുന്ന മുൻകരുതലുകളെ കൊഞ്ഞനംകുത്തുന്ന രീതിയിൽ മയക്കുമരുന്ന് കടത്താനാണ് സെയ്‌ക്ക് ഇഷ്ടം. തേയിലപാക്കുകൾക്കുള്ളിൽ നിറച്ചുപോലും പൊലീസിന്റെ മുന്നിലൂടെ മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. കോടികൾ വിലയുള്ള ചരക്ക് എത്തേണ്ടിടത്ത് എത്തിയശേഷമാണ് അധികൃതർ ഇക്കാര്യം അറിയുന്നത്.
സാധാരണ മയക്കുമരുന്ന് കടത്തുകാരെപ്പോലെ സാധാരണ ജനങ്ങൾക്ക് സഹായം ചെയ്യാൻ സെയ്ക്കും ഒട്ടുമടിയുമില്ല. എന്താവശ്യത്തിനും കൈ അയച്ച് സഹായിക്കും. പക്ഷേ, ഒരു നിബന്ധന മാത്രം - തനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ ചെറുതായി സഹായിക്കാൻ മടിക്കരുത്. മയക്കുമരുന്ന് കടത്തിന് മറയാക്കുന്നതല്ലാതെ മറ്റൊരു തരത്തിലും ബുദ്ധിമുട്ടിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ സഹായം ലഭിച്ചവർ പറയുന്നത്.
പണം സെയ്‌ക്ക് ഒരു പ്രശ്നമേ അല്ല. ചൂതുകളിയോട് വലിയ കമ്പമാണ്. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് കോടികൾ നഷ്ടമാവും. പക്ഷേ, അതൊക്കെ നോ പ്രോബ്ളം. ദിവസങ്ങൾക്കകം ഈ പണം വീണ്ടുമുണ്ടാക്കും. അതുമായി നേരേ ചൂതാട്ടകേന്ദ്രത്തിലേക്ക് പോവുകയും ചെയ്യും.സെയ്ക്ക് സ്വന്തമായി വിമാനംപോലും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്തിനും മടിക്കാത്ത ക്രൂരതയ്ക്ക് പേരുകേട്ട തായ് ക്വിക്ക് ബോക്സർമാരുടെ ഒരു സംഘം എപ്പോഴും സെയുടെ ചുറ്റുമുണ്ടാകും. ഇവരുടെ കണ്ണുവെട്ടിച്ച് ഒരു ഇൗച്ചയ്ക്കുപോലും സെയുടെ അടുത്തേക്ക് എത്താനാവില്ല. സെയെ പിടിക്കാൻ അന്വേഷണ ഏജൻസികൾ കൊണ്ടുപിടിച്ച് അന്വേഷണം നടത്തുകയാണെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.അന്വേഷണ ഉദ്യോഗസ്ഥർക്ക് സെയെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ അറിയാമെങ്കിലും ജീവൻപേടിച്ചാണ് അറസ്റ്റുചെയ്യാത്തതെന്നാണ് ചിലർ അടക്കം പറയുന്നത്.